കൊല്ലം: നിയമസഭയിൽ ബില്ല് പാസാക്കി അലൂമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡ് (അലിൻഡ്) ഏറ്റെടുക്കാമെന്ന 2011ലെ കേന്ദ്രസർക്കാർ നിർദ്ദേശത്തിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തത് സൊമാനിയാ ഗ്രൂപ്പിന് അനുകൂലമായി. ഇതോടെ കേരള സർക്കാരിന്റെയും തൊഴിലാളികളുടെയും അടക്കം എതിർപ്പുകൾ മറികടന്ന് സൊമാനിയ ഗ്രൂപ്പ് അലിൻഡിൽ സർവാധിപത്യം ഉറപ്പിക്കുകയായിരുന്നു.
അലിൻഡിന്റെ ഹൈദരാബാദ് യൂണിറ്റ് ഏറ്റെടുക്കാൻ വന്ന വോൾട്ടാ ഇംപക്‌സുമായി ചേർന്ന് 2013 ജൂലായ് 17ന് സൊമാനിയ മറ്റൊരു പുനരുദ്ധാരണ പദ്ധതി ഓപ്പറേറ്റിംഗ് ഏജൻസിയായ സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിന് (എസ്.ബി.ടി) മുന്നിൽ സമർപ്പിച്ചു. എന്നാൽ കാര്യക്ഷമതയില്ലായ്മ ചൂണ്ടിക്കാട്ടി എസ്.ബി.ടി പദ്ധതി നിരാകരിക്കുകയും ഓപ്പറേറ്റിംഗ് ഏജൻസി സ്ഥാനത്ത് നിന്ന് പിന്മാറുകയും ചെയ്തു. തുടർന്ന് ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആൻഡ് റീകൺസ്ട്രക്ഷൻ (ബി.ഐ.എഫ്.ആർ) ഐ.ഡി.ബി.ഐ ബാങ്കിനെ ഓപ്പറേറ്റിംഗ് ഏജൻസിയായി നിയമിച്ചു. ഇതോടെ എസ്.ബി.ടി നിരാകരിച്ച പദ്ധതി സൊമാനിയ ഗ്രൂപ്പ് ഐ.ഡി.ബി.ഐയ്ക്ക് മുന്നിൽ സമർപ്പിച്ചു.
2013 സെപ്തംബർ 27ന് കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ പദ്ധതിയുടെ ന്യൂനതകൾ ചൂണ്ടിക്കാട്ടി ബി.ഐ.എഫ്.ആറിന് രേഖാമൂലം കത്ത് നൽകി. നവംബർ 25ന് കേരള സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസലായിരുന്ന എം.ആർ. രമേശ് ബാബുവും പദ്ധതിയെ എതിർത്ത് സ്റ്റാറ്റ്യൂട്ടറി ഒബ്ജക്ഷൻ ഫയൽ ചെയ്തു. ഇതേതുടർന്ന് അലിൻഡിലെ പകുതിയിലേറെ യൂണിയനുകളുമായി ചേർന്ന് മാനേജ്മെന്റ് ഒരു ധാരണാപത്രം ഉണ്ടാക്കി. ഇതുപ്രകാരം 1997 നവംബർ മുതൽ കമ്പനി അടഞ്ഞുകിടക്കുകയാണെന്നും ഈ സാഹചര്യത്തിൽ ധാരണാപത്രത്തിലെ വ്യവസ്ഥകൾ എല്ലാ തൊഴിലാളികളും യൂണിയനുകളും അംഗീകരിക്കണമെന്നും നിർദ്ദേശിച്ചു.
എന്നാൽ തങ്ങളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ധാരണാപത്രത്തിലെ വ്യവസ്ഥകളെ ഒരു വിഭാഗം തൊഴിലാളികൾ ശക്തമായി എതിർത്തു. ഇതോടെ ധാരണാപത്രം അംഗീകരിക്കാത്ത തൊഴിലാളികൾക്ക് ബന്ധപ്പെട്ട വകുപ്പുകളെയോ കോടതികളെയോ സമീപിക്കാമെന്നും അവിടെ തീർപ്പാകുന്ന തുക കമ്പനി യാതൊരു ഇളവുകളും കൂടാതെ തൊഴിലാളികൾക്ക് കൊടുത്തുതീർക്കണമെന്നും ബി.ഐ.എഫ്.ആർ ഉത്തരവായി. ഇതോടെ 25 വർഷമായി പീഡിത വ്യവസായ നിയമത്തിന്റെ കൂച്ചുവിലങ്ങിലകപ്പെട്ട തൊഴിലാളികൾക്ക് അവരുടെ ആനുകൂല്യങ്ങൾ തിട്ടപ്പെടുത്തുന്നതിന് അവസരമൊരുങ്ങി.
എതിർപ്പുകൾ കാറ്റിൽപ്പറന്നു;
പ്രൊമോട്ടർ പിടിമുറുക്കി
കേരള സർക്കാരും വ്യവസായ വികസന കോർപ്പറേഷനും ഉന്നയിച്ച എതിർപ്പുകൾ മുഖവിലയ്ക്കെടുക്കാതെ 2014 ഫെബ്രുവരി 12ന് രണ്ടാം പുനരുദ്ധാരണ പദ്ധതി ബി.ഐ.എഫ്.ആർ അംഗീകരിച്ചു. ഇതിനെതിരെ കേരള സർക്കാരും ഓഹരി ഉടമകളും ഒരുവിഭാഗം തൊഴിലാളികളും അപ്പല്ലേറ്റ് അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷന് (എ.എ.ഐ.എഫ്.ആർ) മുമ്പാകെ അപ്പീൽ സമർപ്പിച്ചു.
രണ്ടാം പദ്ധതി പ്രകാരം 1989ന് മുമ്പുണ്ടായിരുന്ന അലിൻഡിന്റെ ഓഹരികളുടെ മുഖവില പത്ത് രൂപയിൽ നിന്ന് ഒരു രൂപയായി കുറയ്ക്കുമെന്നും പ്രൊമോട്ടറുടെയും കൂട്ടാളികളുടെയും പേരിൽ 45 കോടി രൂപയുടെ ഓഹരികൾ പുതുതായി കൊണ്ടുവരുമെന്നും കാണിച്ചിരുന്നു. എന്നാൽ ബാലൻസ് ഷീറ്റിൽ മൂല്യം കുറച്ച് കാണിച്ച അലിൻഡിന്റെ ആസ്തികൾ പണയംവച്ച് വിവിധ സെക്യൂരിറ്റൈസേഷൻ കമ്പനികളിൽ നിന്ന് 45 കോടി രൂപ വായ്പയെടുത്ത സൊമാലിയ ഗ്രൂപ്പ്, അവ സ്വന്തം പേരിൽ ഓഹരികളാക്കി. പീഡിത വ്യവസായ നിയമത്തിനെതിരായ ഈ നടപടിയിലൂടെ അലിൻഡിന്റെ 98 ശതമാനം ഓഹരികളും സൊമാലിയയുടെയും പങ്കാളികളുടെയും കൈകളിലെത്തി.
2007ലെ എ.എ.ഐ.എഫ്.ആറിന്റെ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ കേരള സർക്കാരും എൽ.ഐ.സിയും മറ്റ് പൊതുമേഖലാ ബാങ്കുകളും തങ്ങളുടെ നോമിനികളെ നിയമിക്കാതിരുന്നതും കാര്യങ്ങൾ സ്വന്തം കൈപ്പിടിയിലാക്കി ആധിപത്യമുറപ്പിക്കാൻ സൊമാലിയ ഗ്രൂപ്പിന് തുണയായി മാറുകയായിരുന്നു.