katil
കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലേക്കുള്ള കൊട്ടാരത്തിൻ കടവിൽകുളവാഴകൾ കെട്ടിക്കിടക്കുന്നത് മൂലം കടത്തുവള്ളങ്ങൾ പോലും അക്കരെയിക്കരെ സഞ്ചരിക്കാൻ ബുദ്ധിമുട്ടുന്നു

പൊൻമന: ദേശീയ ജലപാതയിൽചവറ ടി.എസ് കനാലിൽ പൊൻമന കൊട്ടാരത്തിൻ കടവ് ,​കന്നിട്ടകടവ് എന്നിവിടങ്ങളിൽ ഒഴുക്ക് നിലക്കപ്പെട്ട് കായൽ കരയായിട്ട് മാസങ്ങളാവുന്നു. കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലേയ്ക്ക് പോകുന്നവരുടെ കടത്തുവള്ളങ്ങളിലെ യാത്രാദുരിതമാണ് ഇപ്പോൾ ചർച്ചയാകുന്നത്. നാല് കടത്തുവള്ളങ്ങൾ ദിനംപ്രതി കടത്തിറക്കാൻ ഉണ്ടെങ്കിലും കടത്തിറക്കുന്നതിന് ഒരുവള്ളത്തിൽ രണ്ടു പേർ നിന്ന് ഊന്നണ്ട അവസ്ഥയാണ്. ക്ഷേത്രം വക ജങ്കാറുകൾ കരയോട് ചേർത്ത് അടുപ്പിക്കുന്നതിനും പെടാപ്പാടുപെടുകയാണ്.ഈ യാത്രാദുരിതത്തിന് പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കുളവാഴകളും പായലും നിറഞ്ഞ്

കരുനാഗപ്പള്ളി വട്ടക്കായലിൽ നിന്ന് ഒഴുകിയെത്തുന്ന കുളവാഴകൾ ടൈറ്റാനിയം എം. എസ് പ്ലാന്റിന് സമീപം ചങ്ങാട സർവീസുകാർ റോപ്പ് കെട്ടി തടയുന്നതാണ് എല്ലാത്തിനും കാരണം. ടി.എസ് കനാലിലെ നീരൊഴുക്ക് നിലച്ചതിന് പിന്നിൽ ഇത്രയധികം കുളവാഴകളും പായലും എക്കലും മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതാണെന്ന് നാട്ടുകാർ പറയുന്നു. കായൽ കരഭൂമിപോലെയായത് കാരണം ഈ പ്രദേശത്ത് മാലിന്യം കെട്ടിക്കിടക്കുന്നതിന്റെ ദുർഗന്ധവും ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. ദേശീയ ജലപാതയിലെ ടി.എസ് കനാലിന്റെ നീരൊഴുക്ക് സുഗമമാക്കാൻ അധികൃതരുടെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ പതിയണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.