arrest

ഇരവിപുരം: വീട്ടിലേക്കുള്ള വഴിയിൽ നിന്ന് ലഹരി ഉപയോഗിച്ചത് ചോദ്യംചെയ്തതിന്റെ പേരിൽ ഗൃഹനാഥനെയും ഭാര്യയെയും മകനെയും വീടുകയറി ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കളെ ഇരവിപുരം പൊലീസ് പിടികൂടി. ആക്കോലിൽ ഇളവയലിൽ ഉണ്ണി എന്നുവിളിക്കുന്ന റാംജിത്ത് (19), വാളത്തുംഗൽ കളരി ക്ഷേത്രത്തിന് സമീപം അഞ്ജനയിൽ അപ്പു എന്നുവിളിക്കുന്ന ആദിത്യൻ (19), മയ്യനാട് നടുവിലക്കര കോവുചിറ കവിതാ വിലാസത്തിൽ ജ്യോതിഷ് (20) എന്നിവരാണ് പിടിയിലായത്.

റാംജിത്തിനെ നെടുമങ്ങാട്ടെ ഒളിത്താവളത്തിൽ നിന്നും മറ്റ് രണ്ടുപേരെ മംഗലപുരത്തെ ഒരു ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. മയക്കുമരുന്ന് കേസുകളിൽപ്പെട്ട് ഒളിവിൽക്കഴിയുകയായിരുന്ന റഫീക്ക് എന്നയാൾക്കൊപ്പമാണ് ആദിത്യനും ജ്യോതിഷും കഴിഞ്ഞിരുന്നത്. റഫീക്കിനെ പൊലീസ് സംഘം എക്സൈസ് കമ്മിഷണർക്ക് കൈമാറി.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മയ്യനാട് കാരികുഴി വയലിൽ വീട്ടിൽ ജയൻ തമ്പി, ഭാര്യ പത്മിനി, മകൻ വിശാഖ് എന്നിവരെയാണ് പ്രതികൾ വീടുകയറി മർദ്ദിച്ചത്. ജയൻ തമ്പിയുടെ വീട്ടിലേക്ക് വരുന്ന വഴിയിൽ നിന്ന് പ്രതികൾ ലഹരി ഉപയോഗിക്കുന്നതിനെയും അസഭ്യം പറയുന്നതിനെയും മകൻ വൈശാഖ് ചോദ്യംചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ യുവാക്കൾ ജയൻ തമ്പിയുടെ വീട്ടിലെത്തി വിശാഖിനെ മർദ്ദിച്ചു. ഇതുകണ്ട് തടസം പിടിക്കാനെത്തിയ ജയൻ തമ്പിയെയും ഭാര്യയെയും ആക്രമിച്ച പ്രതികൾ ഗൃഹോപകരണങ്ങൾ അടക്കം അടിച്ചുതകർത്ത ശേഷം കടന്നുകളയുകയായിരുന്നു.

ഒളിവിൽപ്പോയ പ്രതികളെ പിടികൂടുന്നതിനായി കൊല്ലം എ.സി.പി പ്രദീപ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇരവിപുരം എസ്.ഐമാരായ അനീഷ്, ബിനോദ് കുമാർ, ദീപു, ജൂനിയർ എസ്.ഐമാരായ ഷെമീർ, സൂരജ് ഭാസ്കർ, ജി.എസ്.ഐ ജയകുമാർ, എ.എസ്.ഐ ഷിബു ജെ. പീറ്റർ, സി.പി.ഒ സാബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.