തെന്മല: കേരളത്തിലെ വിവിധ ജില്ലകളിൽ പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തിൽ കേരള - തമിഴ്നാട് അർത്തിയിൽ തമിഴ്നാട് സർക്കാർ വാഹന പരിശോധന ശക്തമാക്കി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഇറച്ചിക്കോഴിയെ എത്തിച്ച ശേഷം തിരികെ തമിഴ്നാട്ടിലേക്ക് മടങ്ങിയ ലോറികൾ തിരിച്ചയച്ചു. ലോറികളിൽ കോഴിക്കാഷ്ഠം കണ്ടതിനെ തുടർന്നാണ് നടപടി. ഇനിമുതൽ വാഹനം വൃത്തിയാക്കിയ ശേഷമേ തമിഴ്നാട്ടിലേക്ക് കടത്തിവിടുകയുള്ളൂ. റോഡിൽ ക്ലോറിൻ വിതറി ഇതിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. കേരളത്തിൽ നിന്ന് കോഴിത്തീറ്റ കൊണ്ടുപോകുന്ന വാഹനങ്ങളും കടത്തിവിടുന്നില്ല. എന്നാൽ തമിഴ്നാട്ടിൽ നിന്ന് ഇറിച്ചക്കോഴിയും മുട്ടയുമടക്കം കേരളത്തിലേക്ക് കൊണ്ടുവരുന്നത് പരിശോധിക്കാൻ കേരള അതിർത്തിയിൽ നടപടി ആരംഭിച്ചിട്ടില്ല. ആലപ്പുഴയിൽ നിന്നുള്ള താറാവുകളെ കർഷകർ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതും തടഞ്ഞിരിക്കുകയാണ്.
പരിശോധന മൂന്ന് മാസം തുടരും
കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ പരിശോധിക്കാനും വാഹനങ്ങളിൽ അണുനാശിനി തളിക്കാനും തമിഴ്നാട്ടിലെ പുളിയറയിൽ സൗകര്യം ഒരുക്കിയിരിക്കുകയാണ്. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ ദിവസം മൂന്ന് ഷിഫ്ടുകളിലായാണ് പരിശോധന. ഇത് മൂന്ന് മാസം തുടരും. കേരള - തമിഴ്നാട് അതിർത്തി ഭാഗത്തെ ജലാശയങ്ങളിലേക്ക് ദേശാടനപ്പക്ഷികൾ ധാരാളമായി എത്തുന്നതിൽ കിഴക്കൻ മലയോര നിവാസികൾ ആശങ്കയിലാണ്.
അതിർത്തി പ്രദേശങ്ങളിൽ തെങ്കാശി കളക്ടറുടെ സന്ദർശനം
തെന്മല: തെങ്കാശി കളക്ടർ ജി.എസ്. സമീരൻ പുളിയറയിലെ ചെക്ക് പോസ്റ്റ് സന്ദർശിച്ചു. മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശങ്ങൾ നൽകി. തെങ്കാശി ഭാഗങ്ങളിൽ 250ൽ അധികം കോഴിഫാമുകളുണ്ട്. അവ ശക്തമായി നിരീക്ഷിക്കും. കൂടാതെ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. അതിർത്തിയിലെ ആരോഗ്യ വകുപ്പിന്റെ കൊവിഡ് പരിശോധനാ ചെക് പോസ്റ്റും കളക്ടർ സന്ദർശിച്ചു.