ദുരിതം പെരുംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ
കൊല്ലം: പഠിക്കാൻ കുട്ടികളുണ്ട്, എന്നാൽ പഠിപ്പിക്കാൻ സ്ഥിരം അദ്ധ്യാപകരില്ല, നിയന്ത്രിക്കാൻ പ്രിൻസിപ്പലും!. കൊട്ടാരക്കര പെരുംകുളം ഗവ. പി.വി ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗമാണ് കുത്തഴിഞ്ഞ പുസ്തകം പോലെയായത്.
കഴിഞ്ഞ അഞ്ച് വർഷമായി ഇതാണ് അവസ്ഥ. ഇപ്പോൾ 135 വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്. 2015 ആണ് ഹയർ സെക്കൻഡറി വിഭാഗം അനുവദിച്ചത്. എന്നാൽ ഒരു ബാച്ചിൽ നാൽപ്പത് വിദ്യാർത്ഥികൾ ഉണ്ടെങ്കിലേ അദ്ധ്യാപക നിയമനം നടത്താൻ കഴിയുള്ളൂവെന്നാണ് സർക്കാർ അറിയിച്ചത്.
ഈ വർഷം സയൻസ് ബാച്ചിൽ അൻപത് കുട്ടികളും കൊമേഴ്സ് ബാച്ചിൽ 25 കുട്ടികളും പുതുതായെത്തി. രണ്ടാം വർഷ വിദ്യാർത്ഥികൾ വേറെ. പി.ടി.എയും സ്കൂൾ സംരക്ഷണ സമിതിയും ഏറെ ബുദ്ധിമുട്ടിയാണ് ക്ളാസുകൾ മുന്നോട്ട് കൊണ്ടുപോകുന്നത്. താത്കാലിക അദ്ധ്യാപകരെയാണ് ആശ്രയിക്കുന്നത്. ഹൈസ്കൂൾ പ്രഥമാദ്ധ്യാപികയ്ക്കാണ് ചുമതലയെങ്കിലും ഇവർ കാര്യമായി ഇടപെടാറില്ലെന്ന് പി.ടി.എ ഭാരവാഹികൾ പറയുന്നു.
കൊവിഡിനെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചിട്ടതിനാൽ താത്കാലിക അദ്ധ്യാപകരെ ഈ അദ്ധ്യയന വർഷം നിയമിക്കേണ്ടെന്ന് സർക്കാർ നിർദ്ദേശമുണ്ട്. ഇതാണിപ്പോൾ പ്രതിസന്ധിക്ക് കാരണമായത്. ഓൺലൈൻ പഠനസമയത്തും വിഷയം സർക്കാർ തലത്തിൽ ചൂണ്ടിക്കാട്ടിയപ്പോൾ മറ്റ് വിദ്യാലയങ്ങളിലെ അദ്ധ്യാപകരെ ഉപയോഗിച്ച് താത്കാലിക പരിഹാരം കാണാനാണ് നിർദ്ദേശിച്ചത്.
സ്കൂൾ വീണ്ടും തുറന്നതോടെ സ്ഥിരം അദ്ധ്യാപകരും താത്കാലിക അദ്ധ്യാപകരും ഇല്ലാത്ത സ്ഥിതിയാണ്. പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ താത്കാലിക അദ്ധ്യാപക സേവനം ലഭ്യമാക്കിയതുകൊണ്ടാണ് കുട്ടികളുടെ പഠനം മുടങ്ങാതിരുന്നത്. ഇവർക്കുള്ള വേതനം കൊടുക്കാനും ലൈബ്രറി ഏറെ ബുദ്ധിമുട്ടുകയാണ്.
''
സയൻസ് വിദ്യാർത്ഥികൾക്ക് ലാബ്, പ്രാക്ടിക്കൽ ക്ളാസുകൾ നടക്കുന്നില്ല. അദ്ധ്യാപകരോ ലാബ് അസിസ്റ്റന്റോ ഇല്ല. സർക്കാർ വിദ്യാലയത്തിൽ പഠിക്കാനെത്തിയ വിദ്യാർത്ഥികളുടെ ആശങ്കകൾ സർക്കാർ പരിഹരിക്കണം.
സുബൈർ മുസലിയാർ
പി.ടി.എ പ്രസിഡന്റ്
''
പത്താംക്ളാസിൽ നൂറുമേനി വിജയം ലഭിക്കുന്ന വിദ്യാലയമാണിത്. ഈ വർഷം പത്താം ക്ളാസിൽ തൊണ്ണൂറ് കുട്ടികളുണ്ട്. ഇവർ അടുത്ത വർഷം ഹയർ സെക്കൻഡറിയിലേക്ക് എത്തേണ്ടവരാണ്. വിദ്യാർത്ഥികളോടുള്ള ഈ നിലപാട് നീതികേടാണ്.
സി.രാജ് കിഷോർ
സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ
''
പെരുംകുളം ഗ്രാമത്തിന്റെ അക്ഷര മുത്തശിയെ സംരക്ഷിക്കാനാണ് തീരുമാനം. റിട്ട. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഡോ.കെ. വത്സലാമ്മയുടേതടക്കം സേവനം സ്കൂളിന് ലഭ്യമാക്കി. താത്കാലിക അദ്ധ്യാപകരുടെ വേതനം നൽകുന്നതിലും പരിമിതികളുണ്ട്.
പെരുംകുളം രാജീവ്, പ്രസിഡന്റ്,
ബാപ്പുജി സ്മാരക വായനശാല