accused
പിടിയിലായ പ്രതികൾ

 പിടിച്ചെടുത്തത് രണ്ടരക്കിലോ കഞ്ചാവ്

കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന രണ്ടുപേരെ എക്സൈസ് സംഘം ചൊവ്വാഴ്ച അർദ്ധരാത്രി നഗരമദ്ധ്യത്ത് വച്ച് പിടികൂടി. പോളയത്തോട് നാഷണൽ നഗറിൽ രാജേന്ദ്രൻ (40), പോളയത്തോട് എഫ്.എഫ്.ആർ.എ നഗറിൽ വിശാഖ് (38) എന്നിവരാണ് എക്സൈസ് ഷാഡോ സംഘത്തിന്റെ വലയിലായത്. ഇവരിൽ നിന്ന് രണ്ടരക്കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു.

ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സനുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് കമ്മിഷണർ ബി. സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘം രണ്ട് ടീമുകളായി തിരിഞ്ഞ് നടത്തിയ തെരച്ചിലിലാണ് പ്രതികൾ കുടുങ്ങിയത്. മധുരയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം കൊല്ലത്ത് എത്തിക്കുകയായിരുന്നുവെന്ന് പ്രതികൾ വെളിപ്പെടുത്തി. പോളയത്തോട് ശ്മശാനം, മാർക്കറ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വിൽപ്പന നടത്താനായിരുന്നു പരിപാടിയെന്നും പ്രതികൾ സമ്മതിച്ചു.

കൊല്ലം റേഞ്ച് ഇൻസ്പെക്ടർ എം. കൃഷ്ണകുമാർ അസി. ഇൻസ്പെക്ടർ മനോജ് കുമാർ, ഷാഡോ ടീമംഗങ്ങളായ ടി. വിഷ്ണുരാജ്, റോബിൻ ഫ്രാൻസിസ്, പി. ശ്രീകുമാർ, ലാൽ, രാഹുൽരാജ്, അനൂപ് രവി, സഫെഴ്സൺ, സിദ്ധു, ജി. ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.