electric

കരുനാഗപ്പള്ളി: പുതിയകാവ് സബ് സ്റ്റേഷനിൽ 20 മണിക്കൂറോളം വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് സബ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ജനജീവിതം പൂർണമായും സ്തംഭിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ നിലച്ച വൈദ്യുതി ബന്ധം ബുധനാഴ്ച രാത്രി 7 മണിയോടെയാണ് പുനസ്ഥാപിച്ചത്. വൈദ്യുതി നിലച്ചതിനെ തുടർന്ന് കുഴൽ കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ കഴിയാത്തതിനാൽ കുടിവെള്ളം കിട്ടാതെ നാട്ടുകാർ നെട്ടോട്ടം ഓടി. കിണറുകളുള്ള വീടുകളിൽ നിന്ന് വെള്ളം കോരി എടുത്തും നഗരസഭയും ഗ്രാമപഞ്ചായത്തുകളും ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചതിനാലും നാട്ടുകാരുടെ ബുദ്ധിമുട്ടിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിഞ്ഞു.

അറ്റകുറ്റപ്പണികൾ വൈകി

വീടുകളിലെ മിക്സിയും ഗ്രൈന്ററും പ്രവർത്തിക്കാൻ കഴിയാതെ വന്നതോടെ ആഹാരം പാകം ചെയ്യുന്നതും മുടങ്ങി. കരുനാഗപ്പള്ളിയിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടന്നു. പുതിയകാവ് 66 കെ.വി സബ് സ്റ്റേഷൻ 110 കെ.വി യായി ഉയർത്തുത്തതിന്റെ ഭാഗമായി നവീകരണം പ്രവർത്തനങ്ങൾ നടത്തി വരികയാണ്. സിനിമപ്പറമ്പിൽ നിന്നും ശാസ്താംകോട്ട പതാരം വഴി പുതിയകാവ് സബ് സ്റ്റേഷനിലേക്ക് വരുന്ന ഇൻസുലേഷൻ കവേർഡ് കണ്ടക്ടർ മാലുമേൽ കടവിൽ പൊട്ടിവീണതാണ് വൈദ്യുതി നിലക്കാൻ കാരണം. വൈദ്യുതി നിലയ്ക്കുമ്പോൾ തന്നെ തകരാറ് പറ്റിയ സ്ഥലം കണ്ടെത്താൻ ഡിസ്റ്റൻസ് റിലേ ഉപകരണം ഉപയോഗിച്ച് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. എന്നാൽ അറ്റുകുറ്റപ്പണികൾ നടത്താനുള്ള പെർമിറ്റ് എടുത്തത് ബുധനാഴ്ച രാവിലെ 8 മണിക്കായിരുന്നു എന്നാണ് അന്വേഷണത്തിൽ അറിയുന്നത്. വൈദ്യുതി ബന്ധം നിലച്ച് 11 മണിക്കൂറിന് ശേഷമാണ് പൊട്ടിവീണ കേബിൾ നന്നാക്കാനുള്ള ശ്രമം ആരംഭിച്ചത്. പണി തുടങ്ങാൻ വന്ന കാലതാമസമാണ് ജനജീവിതം ദുതിര പൂർണമാക്കിയത്. 15 ഓളം ജീവനക്കാരാണ് ബുധനാഴ്ച വൈകിട്ട് 3 മണിയോടെ ഇൻസുലേഷൻ കവേർഡ് കണ്ടക്ടറിന്റെ പൊട്ടിയ ഭാഗം ബന്ധിപ്പിച്ചത്. ഇതേ തുടർന്നുള്ള മറ്റ് ജോലികൾ പൂർത്തീകരിക്കാൻ വീണ്ടും നാല് മണിക്കൂർ കൂടി വേണ്ടി വന്നു. കരുനാഗപ്പള്ളി നിവാസികൾ ആദ്യമായാണ് വൈദ്യുതി ഇല്ലാതെ 20 മണിക്കൂർ കഴിച്ച് കൂട്ടിയത്.