c
ഉളിയക്കോവിലിലെ കായൽ കൈയേറ്റം

കൊല്ലം: മണ്ണിട്ട് നികത്തുന്ന ജലാശയങ്ങൾ സ്വന്തം പേരിലാക്കാൻ പ്രത്യേക ജാലവിദ്യ. അഷ്ടമുടിക്കായൽ വ്യാപകമായി കൈയേറിയിരിക്കുന്ന ഉളിയക്കോവിൽ വിളപ്പുറം ഭാഗത്ത് കായലിൽ തെങ്ങിൻകുറ്റികളടിച്ചാണ് കൈയേറ്റത്തിന്റെ തുടക്കം. പടിപടിയായി മണ്ണിട്ട് നികത്തും. ലോറിയിൽ കൊണ്ടുവരുന്നതിന് പുറമേ നാട്ടുകാരുടെ കണ്ണിൽപ്പെടാതിരിക്കാൻ വള്ളങ്ങളിലും മണ്ണെത്തിക്കും. റവന്യൂ രേഖകളിൽ ഈ സ്ഥലത്തിന് ശൂന്യ തണ്ടപ്പേര് വ്യാജമായി എഴുതിച്ചേർക്കും. കുറച്ചുനാൾ കഴിയുമ്പോൾ പോക്കുവരവ് നടത്തി കരമടയ്ക്കും. പിന്നെ വ്യാജ പ്രമാണം സൃഷ്ടിച്ച് ഭൂമിയുടെ ഉടമസ്ഥനായി മാറും. ഈ ജാലവിദ്യ പലരും പയറ്റിയതോടെയാണ് കൈയേറ്റം വ്യാപകമായത്.

മത്സ്യക്കൃഷി അനുമതിയോടെ

ഉളിയക്കോവിൽ വിളപ്പുറം ഭാഗത്തെ കായൽ മത്സ്യക്കൃഷി ഫിഷറീസ് വകുപ്പിന്റെ അനുമതിയോടെയാണെന്ന് പുന്തലവിള ഫിഷ് ഫാം അധികൃതർ പറഞ്ഞു. വകുപ്പിന്റെ ധനസഹായവും മത്സ്യക്കൃഷിക്കുണ്ട്. ഫാമിനോട് ചേർന്നുള്ള വീട്ടിൽ രണ്ട് വയോധികർ മാത്രമാണ് താമസിക്കുന്നതെന്നും ഫാം ഉടമസ്ഥർ വ്യക്തമാക്കി.

പണ്ട് ഉളിയക്കോവിൽ ഭാഗത്ത് നിന്നാൽ മറുഭാഗം കാണാൻ വലിയ പ്രയാസമായിരുന്നു. കായൽ വൻതോതിൽ കൈയേറിയതോടെ ഇപ്പോൾ മറുഭാഗം വ്യക്തമായി കാണാവുന്ന സ്ഥിതിയാണ്. അത്ര വലിയ കൈയേറ്റമാണ് വ്യാപകമായി നടക്കുന്നത്. എത്രയും വേഗം റവന്യൂ രേഖകൾ പരിശോധിച്ച് കൈയേറ്റം ഒഴിപ്പിക്കണം. കൈയേറ്റത്തിന് കൂട്ടുനിന്ന രാഷ്ട്രീയക്കാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

അഭിലാഷ് (നഗരസഭാ ഉളിയക്കോവിൽ ഡിവിഷൻ കൗൺസിലർ)