ഓടനാവട്ടം:സമുന്നത കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന അന്തരിച്ച സി. എച്ച് കണാരന്റെ മകൾ പി. കെ സരോജിനിയുടെയും കമലാസനന്റെയും ഏകമകളാണ് പ്രിയ. വയസ് 40. മാനസിക വെല്ലുവിളി നേരിടുന്നതിനാൽ മാതാപിതാക്കളുടെ നിരന്തര സാമീപ്യം വേണം. റിട്ട. അദ്ധ്യാപകനായ കമലാസനന് പ്രായം 80 പിന്നിട്ടു. റിട്ട. എ.ഇ.ഒ ആയ സരോജിനിക്കും പ്രായത്തിന്റെ അവശതകൾ. തങ്ങളുടെ കാലശേഷം മകൾക്ക് ആരുണ്ടെന്ന വിങ്ങലിലാണ് ഇരുവരും.
ആ ഉത്കണ്ഠയിൽ നിന്നാണ് മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്ക് ആജീവനാന്ത പുനരധിവാസ കേന്ദ്രം എന്ന ചിന്തയിൽ എത്തിയത്. മകൾക്കും അവളെപ്പോലുള്ള സ്ത്രീകൾക്കും തണലൊരുക്കാൻ മൂന്നര കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലവും വീടും വൃദ്ധദമ്പതികൾ സർക്കാരിന് കൈമാറി. പക്ഷേ ആർക്കും പ്രയോജനപ്പെടാതെ അഭയകേന്ദ്രം കാടുപിടിച്ച് നശിക്കുന്നു.
കോഴിക്കോട് എരഞ്ഞിപ്പാലം സരോജ് വിഹാറിൽ താമസിക്കുന്ന കമലാസനനും സരോജിനിയും കൊല്ലം വെളിയം വില്ലേജിൽ കായിലയിലുള്ള 84 സെന്റ് സ്ഥലവും വീടുമാണ് വിട്ടുകൊടുത്തത്. ഇവരുടെ അഭ്യർത്ഥന പ്രകാരം 2018ലാണ് സാമൂഹ്യ നീതി വകുപ്പ് സ്ഥലവും വീടും ഏറ്റെടുത്തത്. മുഖ്യമന്ത്രിയും പിന്തുണ നൽകി. മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ 29.5 ലക്ഷം രൂപ ചെലവിട്ട് നവീകരണം നടത്തി. കമലാസനന്റെ മകളുടെ പേരാണ് കേന്ദ്രത്തിന് നൽകിയത്, 'പ്രിയ ഹോം ഫോർ മെന്റലി ചലഞ്ച്ഡ് വിമൻ'.
നടത്തിപ്പിന് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ, തഹസീൽദാർ, പഞ്ചായത്ത് പ്രസിഡന്റ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ, കമലാസനന്റെ നോമിനിയായ കായില ഓമനക്കുട്ടൻ എന്നീ അഞ്ച് പേരുൾപ്പെട്ട കോ ഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു.
തുടർനടപടികൾ ഒരുമാസത്തിനകം പൂർത്തിയാക്കാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകി. ശേഷിക്കുന്ന സ്ഥലത്ത് മറ്റൊരു കെട്ടിടം പണിത് എഴുപതോളം രോഗികൾക്ക് പുനരധിവാസം ഒരുക്കുമെന്നും പ്രഖ്യാപിച്ചു. പക്ഷേ ഒന്നും നടന്നില്ല...
''വലിയ പ്രതീക്ഷയോടെയാണ് വീടും സ്ഥലവും സർക്കാരിന് നൽകിയത്. നടപടികളുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും.''
- കമലാസനൻ
''ജില്ലയിൽ ഇത്തരമൊരു സ്ഥാപനം ആദ്യത്തേതായിരുന്നു. പുതിയ കെട്ടിടം കൂടി വന്നാൽ നൂറോളം പേർക്ക് അഭയമാകും. സ്ഥാപനം ഉടൻ തുറക്കണമെന്നാണ് അപേക്ഷ.
--കായില ഓമനക്കുട്ടൻ
കോ ഓർഡിനേഷൻ കമ്മിറ്റി അംഗം, പ്രിയാ ഹോം