കൊല്ലം: ഗുരുദേവനെ അടയാളപ്പെടുത്താതെയും പ്രത്യേകിച്ച് ഒരു സന്ദേശം നൽകാതെയും വിവാദമായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ലോഗോ തിരഞ്ഞെടുത്തത് വിദഗ്ദ്ധ സമിതി അറിയാതെ. പ്രകാശന ചടങ്ങിന്റെ വാർത്തയിലാണ് സമിതിയിലെ അംഗങ്ങൾ തിരഞ്ഞെടുത്ത ലോഗോ ആദ്യമായി കണ്ടത്.
ലോഗോ തിരഞ്ഞെടുക്കാൻ സർവകലാശാല മൂന്നംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. ലഭിച്ച 200 ഓളം ലോഗോകൾ ഇ-മെയിലായി സമിതി അംഗങ്ങൾക്ക് അയച്ചുനൽകി. മൂന്ന് അംഗങ്ങളും അനുയോജ്യമെന്ന് തോന്നിയ മൂന്ന് ലോഗോകൾ തിരഞ്ഞെടുത്ത് സർവകലാശാലയ്ക്ക് തിരിച്ച് അയച്ചു. സാധാരണനിലയിൽ സമിതി അംഗങ്ങൾ യോഗം ചേർന്നാണ് അന്തിമ ലോഗോ തിരഞ്ഞെടുക്കേണ്ടത്. പക്ഷെ അങ്ങനെയൊരു യോഗം ചേർന്നില്ല. സമിതി അംഗങ്ങൾ ശുപാർശ ചെയ്ത ലോഗോകൾ ദഹിക്കാതെ വന്ന സർവകലാശാല അധികൃതർ പിന്നീട് പ്രത്യേകം തയ്യാറാക്കിച്ചതാണ് ഇപ്പോഴത്തെ ലോഗോയെന്നും ആക്ഷേപം ഉയർന്നു.
ലോഗോ പ്രകാശനം ചെയ്തപ്പോൾ 'liberation through eductaion' എന്ന് മാത്രമാണ് ആപ്തവാക്യമായി എഴുതിയിരുന്നത്. പിന്നീട് വിമർശനം ഉയർന്നപ്പോൾ 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക' എന്ന ഗുരുവചനം കൂട്ടിച്ചേർക്കുകയായിരുന്നു.
ലോഗോ പിൻവലിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കോ- ഓർഡിറ്റർ പി.വി. രജിമോൻ, കേന്ദ്ര സമിതി പ്രസിഡന്റ് ചന്തു, സെക്രട്ടറി എസ്. സജീവ് എന്നിവർ അറിയിച്ചു.
അനുകരണമെന്ന് ആരോപണം
വിദേശ ധനകാര്യ സ്ഥാപനത്തിന്റെ ലോഗോയുടെ അനുകരണമാണ് ഓപ്പൺ സർവകലാശാലയുടെ ലോഗോയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. വൃത്തങ്ങളുടെ ക്രമീകരണത്തിലും നിറങ്ങളിലും മാത്രമാണ് വ്യത്യാസമുള്ളത്.
''
സർവകലാശാലയ്ക്ക് ലഭിച്ച ലോഗോകൾ ഓൺലൈനായി അയച്ചുതന്നു. അവയിൽ മികച്ചതെന്ന് തോന്നിയ മൂന്നെണ്ണം മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുത്ത് തിരച്ചയച്ചു. അതിൽ ഇപ്പോഴത്തെ ലോഗോ ഉണ്ടായിരുന്നില്ല. പിന്നീട് ലഭിച്ചത് പ്രകാശന ചടങ്ങിന്റെ ക്ഷണക്കത്താണ്. ഇതിനിടയിൽ ലോഗോ അന്തിമമായി നിശ്ചയിക്കാനുള്ള യോഗം ചേർന്നില്ല.
യൂജിൻ പണ്ടാല, വിദഗ്ദ്ധ സമിതി അംഗം