waste
waste

പത്തനാപുരം: കല്ലുംകടവ് തോട് മാലിന്യ വാഹിയായി മാറിയിട്ടും വൃത്തിയാക്കുന്നതിനോ സംരക്ഷിക്കുന്നതിനോ നടപടികളില്ല. കുടിവെള്ള പദ്ധതികൾക്കുൾപ്പടെ വെള്ളമെടുക്കുന്ന തോടാണ് മലിനമായിരിക്കുന്നത്. പട്ടണത്തിന് നടുവിലൂടെ ഒഴുകുന്ന തോട് വൃത്തിയാക്കുവാനുളള പദ്ധതികളെല്ലാം അധികൃതർ പ്രഖ്യാപനത്തിലൊതുക്കിയെന്ന പരാതിയിലാണ് നാട്ടുകാർ. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തോട് വൃത്തിയാക്കുമെന്ന് അധികൃതർ പലതവണ പ്രഖ്യാപിച്ചുവെങ്കിലും തുടർനടപടികളുണ്ടായില്ല.

അറവ് മാലിന്യങ്ങൾ തള്ളുന്നു

വാട്ടർ അതോറിട്ടിയുടെ പത്തനാപുരം,കുണ്ടയം മലങ്കാവ് കുടിവെള്ള പദ്ധതികൾക്ക് ആവശ്യമായ വെള്ളം എടുക്കുന്നത് ഈ തോട്ടിൽ നിന്നാണ്. കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന പ്രധാന ജലാശയത്തിനോടാണ് അധികൃതർ അവഗണന കാട്ടുന്നത്. അനധികൃത അറവ് ശാലകളിലെയും കോഴിക്കടകളിലെയും ഹോട്ടലുകളിലെയും അവശിഷ്ടങ്ങൾ തോട്ടിലാണ് തള്ളുന്നത്. ദുർഗന്ധം കാരണംതോടിന്റെ അരികിലൂടെ പോകാനാവാത്ത അവസ്ഥയാണ്. തോട് ഒഴുകി ചെന്നു ചേരുന്നത് കല്ലട ആറ്റിലേക്കാണ്. ജില്ലയിൽ തന്നെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന് നിരവധി പമ്പ് സെറ്റുകൾ കല്ലടയാറ്റിൽ സ്ഥാപിച്ചിട്ടുണ്ട്.

അനധികൃത കൈയ്യേറ്റം

പത്തനാപുരം കല്ലുംകടവിൽ ഉണ്ടായിരുന്ന പൊതു ശൗചാലയം അടഞ്ഞ് കിടക്കുന്നതിനാൽ മിക്കവരും മലമൂത്ര വിസർജ്ജനം നടത്തുന്നതും തോട് വശത്താണ്. 20 അടിയിലധികം വീതിയിൽ ഒഴുകിയിരുന്ന തോട് ചില ഭൂഉടമകളുടെ അനധികൃത കൈയ്യേറ്റത്താൽ വീതി കുറഞ്ഞ് നാശം നേരിടുകയാണ്. കല്ലുംകടവ് തോടിന്റെ തനിമ നിലനിറുത്തുന്നതിനും തോട് വശത്ത് അലങ്കാര ചെടികൾ നട്ട് വളർത്തുന്നതിനും ചിൽഡ്രൻസ് പാർക്ക് നിർമ്മിക്കുന്നതിനുമായി തോട് സംരക്ഷണസമതി രൂപീകരിച്ച് പ്രവർത്തിച്ചിരുന്നെങ്കിലും ഇന്ന് സമതി നിലവിലില്ലെന്നതാണ് വാസ്തവം.

തോട്ടിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം. തോട് സംരംക്ഷിക്കാൻ അധികൃതർ തയ്യാറാകണം.

പ്രദീപ് ഗുരുകുലം ( സാംസ്കാരിക പ്രവർത്തകൻ)

പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ടുള്ള അനധികൃത കൈയ്യേറ്റങ്ങൾ ഇല്ലാതാക്കണം. ജലാശയങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യം
ഡോ. മീര ആർ നായർ. (അദ്ധ്യാപിക.
പരിസ്ഥിതി സംരക്ഷണസമതി പ്രവർത്തക.)