കരുനാഗപ്പള്ളി: മൂടിയില്ലാത്ത ഓട കാൽനട യാതക്കാർക്ക് അപകടക്കെണിയാകുന്നു.പുതിയകാവ് മുതൽ പടിഞ്ഞാറോട്ട് കൊച്ചാലും മൂട് വരെയുള്ള ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. പ്രധാന റോഡിൽ നിന്ന് ഒരടിയോളം താഴ്ത്തിയാണ് ഓട നിർമ്മിച്ചിരിക്കുന്നത്. പുല്ല് വളർന്ന് ഓട പൂർണമായും മൂടി കിടക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. റോഡിലൂടെ വാഹനൾ വരുമ്പോൾ കാൽനട യാത്രക്കാർ റോഡിന്റെ അരികിലേക്ക് നീങ്ങിയാൽ ഓടയിലേക്ക് വീഴുന്ന അവസ്ഥയാണ്. ഇത്തരത്തിൽ നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്.
നാട്ടുകാർക്ക് ഈ മൂടിയില്ലാത്ത ഓട പരിചിതമാണെങ്കിലും മറ്റ് പ്രദേശങ്ങളിൽ നിന്ന് വന്ന് പോകുന്നവരാണ് പ്രധാനമായും അപകടത്തിൽ പെടുന്നത്. ഓടയുടെ മീതേ വളർന്ന് നിൽക്കുന്ന പുല്ലുകൾ താത്ക്കാലികമായി ചെത്തി മാറ്റി, ഓടയിൽ കോൺക്രീറ്റി മൂടി ഇട്ട് യാത്രകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സ്റ്റേറ്റ് ഹൈവേയായി പ്രഖ്യപിച്ചേക്കും
കരുനാഗപ്പള്ളിയിലെ പ്രധാന റോഡുകളിൽ ഒന്നാണ് പുതിയകാവ് - കാട്ടിൽക്കടവ് റോഡ്. ഈ റോഡിനെ സ്റ്റേറ്റ് ഹൈവേയായി പ്രഖ്യപിച്ച് തമിഴ് നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ സർക്കാരിന്റെ പരിഗണനയിലാണ്. കരുനാഗപ്പള്ളി നഗരസഭയെയും ആലപ്പാട്ട് ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് കാട്ടിൽക്കടവിൽ ടി.എസ്.കനാലിന് കുറുകെ പാലം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ച് കഴിഞ്ഞു. ചെറുതും വലുതുമായ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്ന് പോകുന്നത്. അമൃത വിശ്വ വിദ്യാലയം, കേരഫെഡ് ഫാക്ടറി, അമൃതാ ഐ .ടി.ഐ, കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക്, റൂറൽ ഹൗസിംഗ് സൊസൈറ്റി, തുടങ്ങി നിരവധി സ്ഥാപനങ്ങൾ റോഡിന്റെ പരിധിയിലാണ് പ്രവർത്തിക്കുന്നത്.