kayal
കൊല്ലം ഉളിയക്കോവിലിലെ കായൽ കൈയേറ്റം

കൊല്ലം: കയറിക്കിടക്കാൻ ഇടമില്ലാതെ റോഡുവക്കിൽ പാവങ്ങൾ കൂരകൾ കെട്ടി പാർക്കുമ്പോൾ ഉളിയക്കോവിൽ വിളപ്പുറത്ത് വീടിന് മുന്നിൽ ഉദ്യാനമൊരുക്കാൻ കയ്യേറിയത് ഒന്നരയേക്കർ കായൽ.

രാത്രിയിൽ 300 ലോഡോളം മണ്ണെത്തിച്ചാണ് കായൽ നികത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. പടപ്പക്കര ഭാഗത്ത് നിന്ന് വള്ളത്തിലും മണ്ണ് എത്തിച്ചിരുന്നു. കായൽ തീരത്ത് നിന്ന് 50 മീറ്റർ അകലെ മാത്രമേ കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിക്കൂ. ഇത്തരം കയ്യേറ്റക്കാർ അൻപത് മീറ്റർ കായൽ നികത്താനേ ശ്രമിക്കൂ. എന്നാൽ 100 മീറ്ററോളം നീളത്തിൽ കായൽ നികത്തിയ ശേഷമാണ് ഉദ്യാനം നിർമ്മിച്ചത്.

ഇവിടെ പുൽത്തകിടി, പൂച്ചെടികൾ, വൈദ്യുതി വിളക്കുകൾ, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതിൽ കുറച്ച് ഭാഗത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ റവന്യൂ രേഖകളിൽ കരഭൂമിയാക്കി വ്യാജപ്രമാണമടക്കം ചമച്ചതായും ആരോപണമുണ്ട്. രാഷ്ട്രീയക്കാർക്ക് കീശ നിറയെ പണം ലഭിക്കുന്നതിനാൽ ഇതുവരെ കാര്യമായ എതിർപ്പൊന്നും ഉയർന്നിട്ടില്ല.

ആശ്രാമം മുതൽ മങ്ങാട് വരെ കയ്യേറ്റം വ്യാപകം

കയ്യേറ്റം മാതൃകയാക്കി ആശ്രാമം മുതൽ മങ്ങാട് വരെ വ്യാപകമായി കായൽ കയ്യേറ്റം നടക്കുകയാണ്. തീരം മുഴുവൻ സ്വകാര്യ ഭൂമിയായതിനാൽ മറ്റുള്ളവർക്ക് കായൽ നികത്തുന്നത് കാണാനാകില്ല. കായൽ വഴി സഞ്ചരിച്ചാലേ കയ്യേറ്റത്തിന്റെ ഭീകരാവസ്ഥ ബോദ്ധ്യമാവുകയുള്ളു. തീരത്തെ പാവപ്പെട്ടവരുടെയും സമ്പന്നരുടെയും ഭൂമികൾ താരതമ്യം ചെയ്താൽ കയ്യേറ്റത്തിന്റെ ആഴം വ്യക്തമാകും. സമ്പന്നരൂടെ ഭൂമി കായലിലേക്ക് മീറ്ററുകളോളം തള്ളി നിൽക്കുമ്പോൾ പാവങ്ങളുടെ സ്ഥലത്തേക്ക് കായൽ കൂടുതൽ കയറി നിൽക്കുകയാണ്.

 തീരത്ത് ചട്ടം ചട്ടപ്പടി!

തീരത്ത് നിന്ന് 50 മീറ്റർ അകലത്തിലെ കെട്ടിട നിർമ്മാണം പാടുള്ളുവെന്നാണ് ചട്ടം. പക്ഷെ കായൽ വാരത്ത് നിന്ന് അഞ്ച് മീറ്റർ പോലും അകലമില്ലാത്ത രണ്ടും മൂന്നും നില കെട്ടിടങ്ങൾ നിരവധിയാണ്. ഇവയ്ക്ക് നഗരസഭയിൽ നിന്ന് കെട്ടിട നിർമ്മാണ ലൈസൻസ് ലഭിച്ചുവെന്നതാണ് അതിശയം. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കെട്ടിപൊക്കിയതാണ് ഈ കെട്ടിടങ്ങൾ.