പുനലൂർ: തണ്ണിവളവിന് പേരിലേ തണ്ണിയുള്ളു, നാട്ടുകാർക്ക് ദാഹമകറ്റാൻ പോലും ഒരിറ്റ് തണ്ണി കിട്ടാനില്ല. വർഷങ്ങളായി തണ്ണിവളവുകാർക്ക് കുടിവെള്ളം കിട്ടാക്കനിയാണ്.
മുന്നണികൾ മാറി മാറി പഞ്ചായത്ത് ഭരിച്ചിട്ടും ഒരു പൊതുകിണർ പോലും തണ്ണിവളവുകാർക്ക് നൽകാനായിട്ടില്ല.
തെന്മല പഞ്ചായത്തിലൂടെ കടന്ന് പോകുന്ന കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ വെള്ളിമലക്ക് സമീപത്തെ തണ്ണിവളവിലെ താമസക്കാരാണ് കുടി വെള്ളത്തിനാവശ്യമായ പൊതു കിണർ പഞ്ചായത്തിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിൽ അര നൂറ്റാണ്ടായി കാത്തിരിക്കുന്നത്. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങൾ നൽകി വിജയിച്ച് പോകുന്നവർ പിന്നീട് ഈ വഴിക്ക് തിരിഞ്ഞ് നോക്കാറില്ലെന്നാണ് താമസക്കാർ പറയുന്നത്.
നീരുറവയെ ആശ്രയിച്ച് 43കുടുംബങ്ങൾ
റോഡ് പുറമ്പോക്കിലെ തണ്ണിവളവിൽ 43കുടുംബങ്ങളാണ് കുടിവെളളത്തിന് ദേശീയ പാതയോരത്തെ നീരുറവയെ മാത്രം ആശ്രയിക്കുന്നത്. കാലവർഷത്തിൽ ജലസമൃദ്ധമാകുന്ന നൂരുറവ,കടുത്ത വേനലിൽ ഉണങ്ങി വരളും.ഇതോടെ തണ്ണിവളവിലെ താമസക്കാർ കുടി വെള്ളത്തിനായി നെട്ടോട്ടം ഓടണം. രണ്ടാഴ്ചയായി രൂക്ഷമായ വേനൽ അനുഭവപ്പെട്ടതോടെ നീറുറവയിലെ വെള്ളം വറ്റി തുടങ്ങി. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് നീരുറവ വറ്റാറുള്ളത്.ഇത്തവണ നേരത്തെ വറ്റി തുടങ്ങിയത് താമസക്കാരെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.
തണ്ണിവളവിൽ കിണറ് വേണം
തണ്ണിവളവിൽ രണ്ട് നീര് ഉറവകൾ ഉളളതിൽ ഒരെണ്ണത്തിന് ചുറ്റും സംരക്ഷണ ഭിത്തി സ്ഥാപിച്ച് നൽകിയതല്ലാതെ പൊതുകിണർ സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ ഇത് വരെ തയ്യാറായിട്ടില്ല. കുടിവെള്ളം ശേഖരിക്കാൻ പുലർച്ചെ നാല് മുതൽ ഉറവയുടെ മുന്നിൽ നീണ്ട നിരയാണ്. വെള്ളം ശേഖരിച്ച് വച്ച ശേഷമാണ് താമസക്കാർ കൂലി വേലയ്ക്ക് പോകുന്നത്.ജോലി കഴിഞ്ഞ് സന്ധ്യക്ക് മടങ്ങിയെത്തിയാൽ വീണ്ടും ഉറവയിൽ വെളളം ശേഖരിക്കാനും കുളിക്കാനുമായി രാത്രി വരെ ആളുകൾ കാത്തു നിൽക്കുന്ന കാഴ്ച കണ്ടാലും ജന പ്രതിനിധികളുടെ കണ്ണ് തുറക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെയാണ് ഉറവയിൽ നിന്ന് തല ചുമടായി വെള്ളം കൊണ്ടുപോകുന്നത്. നീരുറവയിലേക്ക് വീടുകളിൽ നിന്ന് അര കിലോമീറ്റർ ദൂരമുണ്ട്. റോഡ് പുറമ്പോക്ക് നിവാസികളുടെ കുടിവെളള ക്ഷാമം പരിഹരിക്കാൻ രണ്ട് വർഷം മുമ്പ് ദേശീയ പാതയോരത്ത് കിയോസ്കും കുഴൽ കിണറും സ്ഥാപിച്ചെലും അത് നോക്കു കുത്തിയായി മാറിയിരിക്കുകയാണ്.പഞ്ചായത്തിന് വേണ്ടി പുതിയ കുടിവെളള പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്ന പുതിയതായി ചുമതലയേറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരന്റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് തണ്ണിവളവുകാർ.