congress
ശ്രീനാരയണഗുരു ഓപ്പൺ സർവകലാശാല ലോഗോയിൽ ഗുരുദേവന്റെ ചിത്രമില്ലാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സർവകലാശാലയിലേയ്ക്ക് നടത്തിയ പ്രകടനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ നിന്ന് വിശ്വഗുരുവായ ഗുരുദേവനെ ഒഴിവാക്കി അപമാനിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. രാജ്യത്തും വിദേശത്തും പ്രമുഖരുടെ പേരിലുള്ള സർവകലാശാലകളിൽ അവരുടെ ചിത്രം ആലേഖനം ചെയ്യുന്നത് പതിവാണ്. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ലോഗോയിൽ ശങ്കരാചാര്യരുടെയും മധുര കാമരാജ സർവകലാശാലയുടെ ലോഗോയിൽ കാമരാജിന്റെയും ഭാരതീയാർ സർവകലാശാലയുടെ ലോഗോയിൽ ഭാരതിയാറിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന ലോഗോയ്ക്ക് യാതൊരു അർത്ഥവുമില്ല. സർവകലാശാലയുടെ യശസ് നിലനിറുത്താൻ ഉതകുന്നതുമല്ല. ഗുരുവിന്റെ ചിത്രത്തോട് സാമ്യമുള്ള ലോഗോയാണ് പൊതുജനം പ്രതീക്ഷിച്ചിരുന്നത്. ഇപ്പോഴത്തെ ലോഗോ മാറ്റി സർവകലാശാലയ്ക്ക് ഗുരുവിന്റെ ചിത്രവും വചനവും ആലേഖനം ചെയ്ത ലോഗോ നൽകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

'വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക' എന്ന ആഹ്വാനം ലോകത്തിന് സംഭാവന ചെയ്ത ഗുരുവിനെ പൊതുസമൂഹത്തിൽ അപമാനിച്ചത് എൽ.ഡി.എഫ് സർക്കാരിന്റെ സങ്കുചിത മനോഭാവം വെളിവാക്കുന്നതാണെന്ന് സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ആരോപിച്ചു.

അധികാര അന്ധതയും ധാർഷ്ട്യവും മുഖമുദ്ര‌യാക്കിയ സർക്കാരിന് കത്തിച്ച നിലവിളക്കുമായി വിദ്യയുടെ വെളിച്ചം പ്രതീകാത്മകമായി തെളിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്.

യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് ശരത്ത് മോഹൻ അദ്ധ്യക്ഷനായി. കൗശിക്.എം. ദാസ്, ഒ.ബി. രാജേഷ്, ഹർഷാദ്, അയത്തിൽ ശ്രീകുമാർ, സച്ചിൻ പ്രതാപ്, മഹേഷ് മനു, ഡാർവിൻ, ഷാറൂഖ്, സാജീർ കുരീപ്പുഴ തുടങ്ങിയവർ സംസാരിച്ചു.