kasera
തൊടിയൂർ സർവീസ് സഹകരണ ബാങ്കിലെ പഴയ കസേരകൾ പുതുക്കി വരിയുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പാവുമ്പ ചുരുളി സ്വദേശി രാമകൃഷ്ണൻ

തൊടിയൂർ : 'വരിച്ചിൽ'എന്ന പരമ്പരാഗത കുലത്തൊഴിൽ അസ്തമയത്തിലേയ്ക്ക്. തലമുറകളായി ഈ തൊഴിൽ ചെയ്ത് ഉപജീവനം നടത്തിയവരിൽ കുറച്ച് പേർമാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്.സാംബവ സമുദായത്തിന്റെ കുലത്തൊഴിൽ എന്ന നിലയിൽ അറിയപ്പെട്ട വരിച്ചിൽ തൊഴിലിലേക്ക് മറ്റ് സമുദായങ്ങളിൽപ്പെട്ടവരും പിൽക്കാലത്ത് കടന്നുവന്നു.
പ്ലാസ്റ്റിക് ഫർണിച്ചറുകൾ എത്തുന്നതിന് മുമ്പ് ഒട്ടുമിക്ക വീടുകളിലും സ്ഥാപനങ്ങളിലും ചൂരലോ,​ പ്ലാസ്റ്റിക്കോ വരിഞ്ഞ കട്ടിലും കസേരയുമുണ്ടായിരുന്നു. ചന്ദനം, ഈട്ടി, തേക്ക്, കരിമരുത് ,മഹാഗണി ,പ്ലാവ്, ചീലാന്തി (പൂവരശ്) തുടങ്ങിയ തടികളായിരുന്നു ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്.

ചൂരൽപ്പൊളി കിട്ടാനില്ല
ഇപ്പോൾ കട്ടിലും കസേരയും ചൂരലോ പ്ലാസ്റ്റിക്കോ വരിഞ്ഞ് ഉപയോഗിക്കുന്ന പതിവില്ല. പ്ലൈവുഡാണ് പകരക്കാരൻ. എന്നാൽചൂരലോ,​ പ്ലാസ്റ്റിക്കോ വരിഞ്ഞ് കട്ടിൽ, കസേര, ചാരുകസേര എന്നിവ പുതുക്കി ഉപയോഗിക്കുന്ന ചിലരൊക്കെയുണ്ടെന്ന് കഴിഞ്ഞ 47വർഷമായി വരിച്ചിൽ തൊഴിൽ ചെയ്യുന്ന പാവുമ്പ ചുരുളി സ്വദേശി രാമകൃഷ്ണൻ എന്ന അറുപത്തൊന്നുകാരൻ പറയുന്നു. വരിച്ചിലിനുപയോഗിക്കുന്നചൂരൽപൊളി യ്ക്ക് തമിഴ്നാട്ടിൽ കിലോഗ്രാമിന് 4000 രൂപ വിലയുള്ളപ്പോൾ പ്ലാസ്റ്റിക് പൊളി 300 രൂപയ്ക്ക് ലഭിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു. കോട്ടയം തിരുവൻവണ്ടൂർ എന്നിവിടങ്ങളിൽ ചൂരൽ ലഭിക്കുമെങ്കിലും പൊളിയാക്കി മാറ്റുമ്പോൾ തമിഴ്നാട്ടിലേതിന് തുല്യമായ വിലയാകുമത്രേ. രണ്ടുമാർ (ഏകദേശം അഞ്ചു മീറ്ററോളം ) നീളംവരുന്ന ഒരു ചൂരലിന് 70 രൂപയാണ് ഇവിടങ്ങളിലെ വില. ഭാരിച്ച വിലനൽകി ചൂരൽപ്പൊളിവാങ്ങാൻ ബുദ്ധിമുട്ടുള്ളവർ കിലോഗ്രാമിന് 300 രൂപ വിലയുള്ള മഹാരാഷ്ട്ര പ്ലാസ്റ്റിക് പൊളി വാങ്ങിയാണ് പഴയ കട്ടിലും കസരയും പുതുക്കുന്നത്.

ജോലി സാദ്ധ്യത കുറഞ്ഞു

വളരെ ചുരുക്കമായി മാത്രമാണ് ഇപ്പോൾ പണി ലഭിക്കുന്നതെന്ന് രാമകൃഷ്ണൻ പറയുന്നു.ജോലി സാദ്ധ്യത കുറഞ്ഞതോടെ ഈ രംഗത്തുണ്ടായിരുന്നവർ മറ്റ് തൊഴിൽ മേഖലകളിലേയ്ക്ക് മാറി. പുതിയ തലമുറയിൽ നിന്ന് ആരും ഈ തൊഴിലിലേയ്ക്ക് എത്തുന്നില്ല. രാമകൃഷ്ണന്റെ മകൻ രാജീവ് കരുനാഗപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ കമ്പ്യൂട്ടർ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. കാലത്തിന്റെ കുത്തൊഴുക്കിൽ അന്യം നിന്നുപോയ പരമ്പരാഗത തൊഴിലുകളുടെ പട്ടികയിൽ വരിച്ചിൽ തൊഴിലും വൈകാതെ ഇടം പിടിക്കും. എന്നാൽ തനിക്കാവുന്ന കാലമത്രയും ഈ തൊഴിലിനെ ഉപേക്ഷിക്കില്ലെന്ന് രാമകൃഷ്ണൻ പറയുന്നു.