കൊല്ലം: കോർപ്പറേഷനിലെ പ്രധാനപ്പെട്ട 'മരാമത്ത്' സ്ഥിരം സമിതി സി.പി.ഐയിൽ നിന്ന് രണ്ടര വർഷത്തേക്ക് സി.പി.എം പിടിച്ചെടുത്തു. പകരമായി നഗരാസൂത്രണ സ്ഥിരം സമിതി സി.പി.ഐയ്ക്ക് നൽകി. രണ്ടര വർഷം കഴിയുമ്പോൾ ഇരുസമിതികളും പരസ്പരം വച്ചുമാറാനും ധാരണയായി. കഴിഞ്ഞ തവണ സി.പി.ഐക്കായിരുന്നു മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം. അദ്ധ്യക്ഷയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നതിനൊപ്പം ഇത്തവണ അംഗങ്ങളുടെ എണ്ണം വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സി.പി.എം മരാമത്ത് സമിതി പിടിച്ചെടുത്തത്.
വിദ്യാഭ്യാസവും മരാമത്തും പൂർണ സമയം ഏറ്റെടുക്കാനായിരുന്നു സി.പി.എം ആലോചന. പക്ഷെ സി.പി.ഐ ശക്തമായി എതിർക്കുകയായിരുന്നു. ഇന്നലെ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബുധനാഴ്ച രാത്രിയായിരുന്നു സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ച നടന്നത്. തർക്കം നീണ്ടതിനാൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെ തീരുമാനിക്കാൻ സി.പി.എമ്മും സി.പി.ഐയും നിശ്ചയിച്ചിരുന്ന പാർട്ടി യോഗങ്ങൾ മാറ്റിവച്ചു. ഇന്നലെ രാവിലെയാണ് ഇരുപാർട്ടികളും അദ്ധ്യക്ഷരെ നിശ്ചയിച്ചത്.
പ്രധാനപ്പെട്ട ഒരു സമിതി രണ്ടര വർഷത്തേക്ക് നഷ്ടമായെങ്കിലും കഴിഞ്ഞ തവണത്തേത് പോലെ മൂന്ന് അദ്ധ്യക്ഷ സ്ഥാനം ഇത്തവണയും സി.പി.ഐയ്ക്കുണ്ട്. സി.പി.എമ്മിന് അഞ്ചും. ഇന്നലെ എട്ട് സ്ഥിരം സമിതികളിലേക്കുമുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു. കൗൺസിലിലെ ഭൂരിപക്ഷം ഉപയോഗിച്ച് എൽ.ഡി.എഫ് എല്ലാ സ്ഥിരം സമിതികളിലും ആധിപത്യം ഉറപ്പിച്ചു. അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് അടുത്തയാഴ്ച നടക്കും.
നാലുപേർ പുതുമുഖങ്ങൾ
വികസനം- എസ്. ഗീതാകുമാരി, മരാമത്ത് - അഡ്വ. ജി. ഉദയകുമാർ, ആരോഗ്യം - യു. പവിത്ര, ക്ഷേമം - എസ്. ജയൻ, നികുതി അപ്പീൽ - അഡ്വ. എ.കെ. സവാദ് എന്നിവരാണ് സി.പി.എമ്മിന്റെ സ്ഥിരം സമിതി അദ്ധ്യക്ഷർ. നഗരാസൂത്രണം - ഹണി ബെഞ്ചമിൻ, വിദ്യാഭ്യാസം - എസ്. സവിതാദേവി എന്നിവരാണ് സി.പി.ഐയുടെ സ്ഥിരം സമിതി അദ്ധ്യക്ഷർ. ഡെപ്യൂട്ടി മേയറാണ് ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ. ഇതിൽ അഡ്വ. ജി. ഉദയകുമാർ, യു. പവിത്ര, അഡ്വ. എ.കെ. സവാദ്, സവിതാദേവി എന്നിവർ കൂട്ടത്തിൽ പുതുമുഖങ്ങളാണ്.