കൊല്ലം: കൊവിഡ് വാക്സിൻ വിതരണത്തിന്റെ അവസാനഘട്ട തയ്യാറെടുപ്പായ ഡ്രൈ റൺ ഇന്ന് നടക്കും. വിക്‌ടോറിയ ആശുപത്രി, ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്, അഞ്ചൽ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുക.
ഡ്രൈ റണിന്റെ ഭാഗമായി 25 പേർക്ക് വാക്സിൻ വിതരണത്തിന് എത്താനുള്ള സന്ദേശം ഇന്നെത്തും. ഇവർ മൂന്ന് ഡ്രൈ റൺ കേന്ദ്രങ്ങളിൽ എത്തുമ്പോൾ വാക്സിൻ കേന്ദ്രത്തിലെ ആദ്യ മുറിയിൽ വിവരങ്ങൾ ശേഖരിക്കും. പിന്നീട് രണ്ടാമത്തെ മുറിയിൽ പ്രതീകാത്മകമായി വാക്സിനെടുക്കും. മൂന്നാമത്തെ മുറിയിൽ അര മണിക്കൂർ നിരീക്ഷിക്കും. യഥാർത്ഥത്തിൽ വാക്സിൻ വിതരണം നടത്തുമ്പോൾ എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തി അവ പരിഹരിക്കുന്നതിനായാണ് ഇത്തരത്തിൽ ഡ്രൈ റൺ നടത്തുന്നത്.
രാവിലെ 9 മുതൽ 11 വരെയാണ് ഡ്രൈ റണ്ണിന്റെ സമയം. ഇതിൽപങ്കെടുക്കുന്നവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട കൊവിൻ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എത്തേണ്ട സ്ഥലവും തീയതിയും സമയവും ഉൾപ്പെടുന്ന എസ്.എം.എസ് ഇവർക്ക് ലഭിക്കും. ഡ്രൈ റൺ കേന്ദ്രങ്ങളിലെ വാക്‌സിനേഷൻ ഓഫീസർമാർക്ക് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പോർട്ടലിൽ കയറുമ്പോൾ അതാത് കേന്ദ്രങ്ങളിൽ വാക്‌സിൻ സ്വീകരിക്കുന്നവരുടെ വിവരങ്ങൾ ലഭ്യമാകും.
ആദ്യഘാട്ടത്തിൽ 21,007 പേർക്ക്
സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ, ആശ, അങ്കണവാടി പ്രവർത്തകർ ഉൾപ്പെടെ 2,107 പേർക്കാകും ജില്ലയിൽ ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക.
രണ്ട് ഡോസും നിർബന്ധം
കൊവിഡ് വാക്സിൻ എടുക്കുന്നവർ 28 ദിവസത്തെ ഇടവേളയിൽ രണ്ടാമത്തെ ഡോസും എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത അറിയിച്ചു. രണ്ട് ഡോസും കൃത്യമായി എടുത്താലേ പ്രതിരോധം ലഭ്യമാവുകയുള്ളു.
സർക്കാർ-സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. മുൻനിര സന്നദ്ധസേവകർക്ക് രണ്ടാംഘട്ടത്തിൽ നൽകും. അൻപത് വയസിന് മുകളിലുള്ളവർ, പ്രമേഹം, ഹൈപ്പർ ടെൻഷൻ, വൃക്ക സംബന്ധമായ തകരാർ, കാൻസർ തുടങ്ങിയ മാരക രോഗമുള്ള 50 വയസിന് താഴെയുള്ളവർക്കാണ് തുടർന്ന് വാക്സിനേഷൻ. ഗർഭിണികൾ, 18 വയസിന് താഴെ പ്രായമുള്ളവർ എന്നിവർ വാക്‌സിൻ എടുക്കേണ്ടതില്ല.