കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ പിൻവലിച്ച് ഗുരുദേവന്റെ സുവ്യക്തമായ ചിത്രം ഉൾപ്പെടുന്ന പുതിയ ലോഗോ പുറത്തിറക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈസ് ചാൻസലർ ഡോ. പി.എം. മുബാറക് പാഷയ്ക്ക് നിവേദനം നൽകി.
ശ്രീനാരായണ ഗുരുദേവന്റെ പേരിൽ സ്ഥാപിതമായ സർവകലാശാലയിലൂടെ ലോകമെമ്പാടുമുള്ള ഗുരുദേവ വിശ്വാസികളുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. എന്നാൽ സർവകലാശാലയുടേതായി പുറത്തിറക്കിയ നിലവിലെ ലോഗോ നിരാശപ്പെടുത്തുന്നതും പ്രതിഷേധാർഹവുമാണ്. സാധാരണയായി അനായാസേന തിരിച്ചറിയാൻ സാധിക്കുന്ന അടയാളമോ ചിഹ്നമോ ആണ് ലോഗോകളിൽ രേഖപ്പെടുത്തുക. എന്നാൽ നിലവിലെ ലോഗോയിൽ പ്രതിഫലിക്കുന്നതെന്തെന്ന് മനസിലാക്കാൻ ജനങ്ങൾക്ക് കഴിയില്ല.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ലോഗോയിൽ ശങ്കരാചാര്യരുടെയും എം.ജി സർവകലാശാലയുടേതിൽ മഹാത്മാഗാന്ധിയുടെയും രേഖാചിത്രമാണുള്ളത്. എന്നാൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ ഗുരുവുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഒന്നും തന്നെയില്ലെന്നും നിവേദനത്തിൽ പറയുന്നു. സമിതി ജില്ലാ സെക്രട്ടറി വി. മോഹനൻ, ട്രഷറർ സി. രാജീവ്. എ. സുഗതറാവു, കെ. ബാലചന്ദ്രൻ, എൽ. ശിവപ്രസാദ് തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.