alind

കൊല്ലം: നിയമങ്ങൾ കാറ്റിൽപ്പറത്തി അലിൻഡിലെ ഭൂരിഭാഗം ഓഹരികളും കൈക്കലാക്കിയ സൊമാനിയ ഗ്രൂപ്പിന് സംസ്ഥാന സർക്കാരിന്റെ തുടർന്നുള്ള നിലപാടുകളും അനുകൂല സാഹചര്യം സൃഷ്ടിച്ചു. 1996 മുതൽ എല്ലാ പ്രതിസന്ധികളിലും രക്ഷകരായെത്തിയ കേരള സർക്കാർ 2017ൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്.

ഇന്ത്യൻ ഭരണഘടനാ പ്രകാരം കമ്പനിയുടെ ആസ്തികൾ ഏറ്റെടുത്ത് തൊഴിലാളികളെയും ഓഹരി ഉടമകളെയും സംരക്ഷിക്കേണ്ട സംസ്ഥാന സർക്കാർ പിന്നീട് മൗനംപാലിക്കുകയായിരുന്നു.

സൊമാനിയയുടെ ഓഹരി കൈയാളലിനെതിരെ സർക്കാരും തൊഴിലാളികളുമടക്കം അപ്പല്ലേറ്റ് അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷന് (എ.എ.ഐ.എഫ്.ആർ) മുൻപാകെ അപ്പീൽ ഫയൽ ചെയ്തെങ്കിലും 2016 ഡിസംബറിൽ പീഡിത വ്യവസായ നിയമം റദ്ദാക്കിയത് തിരിച്ചടിയായി. ഇത്തരം കേസുകൾ നാഷണൽ കമ്പനി ലാ ട്രൈബ്യൂണലാകും തുടർന്ന് പരിഗണിക്കുകയെന്നായിരുന്നു കേന്ദ്ര സർക്കാർ ഉത്തരവ്. എന്നാൽ തുടർന്ന് കമ്പനി ലാ ട്രൈബ്യൂണലിനെ സമീപിക്കാൻ സർക്കാർ മുതിർന്നില്ല.

അലിൻഡിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി ജൂലായ് 31ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. വ്യവസായം, ഫിഷറീസ്‌, വൈദ്യുതി വകുപ്പ് മന്ത്രിമാർ, കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ, അലിൻഡ് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 2017 ആഗസ്റ്റിൽ കുണ്ടറ യൂണിറ്റിൽ ഉത്പാദനം ആരംഭിക്കും എന്നതായിരുന്നു യോഗത്തിലെ പ്രധാന തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 17ന് മുഖ്യമന്ത്രി പ്രവർത്തനോദ്ഘാടനം നിർവഹിച്ചതോടെ തൊഴിലാളികളിലും പൊതുസമൂഹത്തിലും വീണ്ടും പ്രതീക്ഷ മുളപൊട്ടി. എന്നാൽ വിൽപ്പന നികുതി, വൈദ്യുതി കുടിശിക, പാട്ട കുടിശിക, കെട്ടിട നികുതി മുതലായവ അടച്ചുതീർക്കണമെന്ന യോഗ തീരുമാനം അലിൻഡ് മാനേജ്മെന്റ് പാലിച്ചില്ല. സൊമാലിയയുടെ നേതൃത്വത്തിൽ നടന്ന നിഷേധാത്മക നിലപാടുകൾക്ക് നേരെ സംസ്ഥാന സർക്കാരും കണ്ണടച്ചതോടെ അലിൻഡിന്റെ തീറെഴുത്ത് പ്രകടമാവുകയായിരുന്നു.

 ആസ്തികൾ പണയം വച്ചതിലും നിഗൂഢത

കമ്പനിയുടെ ആസ്തികൾ സെക്യൂരിറ്റൈസേഷൻ കമ്പനികൾക്ക് പണയംവച്ച് ലോണെടുത്തത് പൊതുമേഖലാ ബാങ്കുകളെ അധികാരങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള സൊമാനിയയുടെയും കൂട്ടാളികളുടെയും ഗൂഢതന്ത്രം കൂടിയായിരുന്നു. ഈ നടപടിയിലൂടെ അലിൻഡിനെ തങ്ങൾക്ക് കൂടി പങ്കാളിത്തമുള്ള വിജയ്ഭാൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് കൺസൽട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് എന്ന സെക്യൂരിറ്റൈസേഷൻ കമ്പനിയുടെ കൈകളിലെത്തിക്കാനും അവർക്ക് സാധിച്ചു. വിജയ്ഭാൻ പ്രൈവറ്റ് ലിമിറ്റഡ് ഇന്ന് അലിൻഡിന്റെ 70.15 ശതമാനം ഓഹരികളുടെ ഉടമയാണ്. 1989 വരെ 9,711 വ്യക്തികളുടെ കൈകളിൽ ഭദ്രമായിരുന്ന കമ്പനിയാണ് ഇന്ന് കുത്തക മുതലാളിയുടെ കീഴിൽ മരണം കാത്തുകിടക്കുന്നത്.