കൊല്ലം: കൊവിഡിനെ തുടർന്നുണ്ടായ നീണ്ട അവധിക്ക് ശേഷം പന്തളത്ത് നിന്ന് രാവിലെ എട്ടോടെയാണ് ഷെഫീൻ ഖാനെ യാത്രയാക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കുടുംബം പുറപ്പെട്ടത്. ആ യാത്ര രസകരമായിരുന്നു. വാപ്പ നാസറുദ്ദീനാണ് കാർ ഓടിച്ചിരുന്നത്. ചെറുപ്പം മുതൽ കാറോടിക്കുന്ന നാസറുദ്ദീന് ദൂരയാത്രകൾ വലിയ ഇഷ്ടമാണ്. നാസറുദ്ദീനും ഭാര്യ സജിലയും മുൻസീറ്റുകളിലും ഷെഫീനും സുമയ്യയും പിൻസീറ്റിലുമാണ് ഇരുന്നത്. ഉച്ചയ്ക്ക് 12നുള്ള ഫ്ളൈറ്റിൽ ഷെഫീൻ കയറിയ ശേഷമാണ് കുടുംബം മടങ്ങിയത്.
യാത്രയിൽ സുമയ്യ പിൻസീറ്റിൽ ഒറ്റയ്ക്കായപ്പോൾ സങ്കടം ഇരട്ടിച്ചു. മൂകത തളംകെട്ടിയ നിമിഷങ്ങൾ കടന്നുപോയപ്പോഴാകും നസറുദ്ദീന്റെ സ്റ്റിയറിംഗ് പാളിയത്. നിമിഷനേരം കൊണ്ട് വെട്ടിത്തിരിഞ്ഞ് റോഡിന്റെ വലതുവശത്തേക്ക് കടന്ന കാർ എതിർ ദിശയിൽ നിന്ന് വന്ന ബസിലേക്ക് ഇടിച്ചുകയറി. എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കാൻ പോലും അവർക്കാർക്കും അവസരമുണ്ടായികാണില്ല. കാർ വെട്ടിപ്പൊളിച്ച് രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാരാണ്. അപ്പോഴേക്കും പൊലീസും സ്ഥലത്തെത്തി. മരണത്തിന്റെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് സുമയ്യയ്ക്ക് തിരിച്ചുപിടിച്ചു. പക്ഷെ, അതുവരെ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവർ തിരിച്ചുവരാത്തിടത്തേക്ക് യാത്രയായെന്ന സത്യം സുമയ്യ ഇനിയും അറിഞ്ഞിട്ടില്ല. പ്രതീക്ഷകളുമായി ദുബായിലേക്ക് പറന്ന ഷെഫീൻ വീണ്ടും തിരിച്ചുവരികയാണ്. തന്നെ യാത്രയാക്കാനെത്തി മുത്തം നൽകി പിരിഞ്ഞ വാപ്പയുടെയും ഉമ്മച്ചിയുടെയും ചേതനയറ്റ ശരീരങ്ങൾ കാണാനായി.