ശാസ്താംകോട്ട: റോഡ് നിർമ്മാണത്തിനിടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നിറുത്തിവച്ച മൈനാഗപ്പള്ളിയിലെ കുടിവെള്ള വിതരണം ഉടൻ പുനസ്ഥാപിക്കും. കിഫ്ബി പദ്ധതിയിൽ നിർമ്മാണം നടക്കുന്ന കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ പബ്ലിക് മാർക്കറ്റിന് സമീപം റോഡിന്റെ ഉയരം കുറയ്ക്കുന്നതിനായി മണ്ണു മാറ്റുന്നതിനിടയിലാണ് പ്രധാന പൈപ്പ് പൊട്ടിയത്. ഇതോടെ ഈ ഭാഗത്ത് വച്ച് പൈപ്പ് ലൈൻ അടച്ചതോടെ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലയിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.അറ്റകുറ്റപ്പണി സംബന്ധിച്ചും പൊതുമരാമത്ത് വകുപ്പും ജലവിഭവ വകുപ്പും തമ്മിൽ തർക്കമായതോടെ ജല വിതരണം പുനസ്ഥാപിക്കുന്നത് അനിശ്ചിതത്തിലാവുകയായിരുന്നു. മൈനാഗപ്പള്ളിയുടെ പടിഞ്ഞാറൻ മേഖലകളിൽ കഴിഞ്ഞ രണ്ട് ദിവസമായി കുടിവെള്ള വിതരണം പുർണമായി നിലച്ചതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തി. പ്രതിഷേധം ശക്തമായതോടെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫിയുടെ നേതൃത്വത്തിൽ ജല അതോറിട്ടി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ജല അതോറിട്ടിയുടെ നേതൃത്വത്തിൽ അടിയന്തരമായി പൈപ്പ് മാറ്റിയിടാൻ തീരുമാനമായത്. ഓച്ചിറയിൽ നിന്ന് പൈപ്പ് എത്തിച്ച് രണ്ട് ദിവസത്തിനുള്ളിൽ ജലവിതരണം പുനസ്ഥാപിക്കുമെന്ന് ജല അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ റോയി തോമസ് അറിയിച്ചു.