കൊല്ലം: എം.സി റോഡിൽ ആയൂരിനും സദാനന്ദപുരത്തിനും ഇടയിൽ ചോരമണം ഒഴിയുന്നില്ല. ഒരു വർഷത്തിനുള്ളിൽ പൊലിഞ്ഞത് ഇരുപതിലധികം ജീവനുകൾ. പരിക്കേറ്റവരുടെ എണ്ണം അൻപതിലേറെ. ആഴ്ചയിൽ രണ്ടും മൂന്നും അപകടങ്ങൾ ഉണ്ടാകുന്ന സ്ഥിതിയിലേക്കാണ് ഇവിടെ സ്ഥിതി മാറിയിട്ടുള്ളത്. റോഡിൽ അമിത വേഗത നിയന്ത്രിക്കാൻ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. അപകടങ്ങൾ ഒന്നിന് പുറകെ ഒന്നായി ജീവനുകളെടുക്കുന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടേമുക്കാലിന് പനവേലിയ്ക്ക് സമീപം കാർ കെ.എസ്.ആർ.ടി.സി ബസിലിടിച്ചുണ്ടായ അപകടമാണ് ഏറ്റവും അവസാനത്തേത്. ഇതിൽ പന്തളം സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മരുമകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പുതുവർഷത്തലേന്ന് സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിയായ അതുൽദാസും മലപ്പുറം സ്വദേശിയായ അബ്ദുൾ ബാസിതും മരിച്ചതും ഇതിന് അടുത്ത സ്ഥലത്തുവച്ചാണ്. അന്നുതന്നെ വാളകം സ്വദേശി തങ്കച്ചന്(71) സ്കൂട്ടർ അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു. തങ്കച്ചന്റെ സ്കൂട്ടർ മുന്നേ പോയ കാറിൽ ഇടിച്ചുകയറുകയായിരുന്നു. ഡിസംബർ 23ന് സദാനന്തപുരം ജംഗ്ഷന് സമീപം വച്ച് കശുഅണ്ടി തൊഴിലാളിയായ സദാനന്ദപുരം തെറ്റിയോട് ഇലവുംവിള വീട്ടിൽ പ്രകാശിന്റെ ഭാര്യ സുലതയും ബൈക്ക് ഇടിച്ചിട്ടതിനെ തുടർന്ന് മരണപ്പെട്ടിരുന്നു. പനവേലിയിൽ ബുള്ളറ്റും ഇന്നോവ കാറും കൂട്ടിയിടിച്ച് സൈനികൻ മരിച്ചതും അടുത്തിടെയാണ്. മെയ് 31ന് പൊലിക്കോട് വച്ച് കാറുകൾ കൂട്ടിയിടിച്ച് പതിനൊന്ന് മാസം പ്രായമുള്ള ആഷിർ മരിച്ചതും വലിയ ദു:ഖവാർത്തയായിരുന്നു. വയയ്ക്കലിൽ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളുടെ ദുരന്ത മുഖങ്ങളും നാട് മറന്നിട്ടില്ല. സമീപദേശമായ ചടയമംഗലത്ത് ബസ് അപകടത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞുപോയതിന്റെ നീറ്റലുകൾ ഇപ്പോഴുമുണ്ട്.
അമിത വേഗത
അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗുമൊക്കെ അപകടങ്ങളായി മാറുകയാണ്. കോടികൾ മുടക്കി റോഡ് നവീകരിക്കുമ്പോഴും വേഗതാ നിയന്ത്രണ സംവിധാനങ്ങൾ പരിമിതമാണ്. നിരത്തിൽ എപ്പോഴും ചോര തളംകെട്ടി നിൽക്കുന്ന അവസ്ഥയിലേക്ക് സ്ഥിതി എത്തിച്ചേരുമ്പോഴും പരിഹാര മാർഗങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ അധികൃത ശ്രദ്ധയുണ്ടാകുന്നുമില്ല.