photo
ഡോക്ടർ മരുന്നെഴുതിയ ഒ.പി.ടിക്കറ്റ്

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ ഒ.പി ടിക്കറ്റിൽ വായിക്കാൻ കഴിയാത്ത വിധം ഡോക്ടർ മരുന്നിന് കുത്തിക്കുറിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി. കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് തേടി. ഈ മാസം നാലാം തീയതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് കുത്തിക്കുറിക്കുന്ന നിലയിൽ മരുന്നിന്റെ വിവരങ്ങളടക്കമെഴുതിയത്. ഫാർമസിയിലുള്ളവർക്കും മരുന്ന് ഏതെന്ന് തിരിച്ചറിയാൻ വയ്യാത്ത സ്ഥിതിയായി. ഡോക്ടറുടെ കൈയ്യക്ഷരം സോഷ്യൽ മീഡിയയിൽ കൂടുതൽപേർ ഷെയർ ചെയ്യുകയും വിവാദമാവുകയും ചെയ്തതോടെയാണ് കളക്ടറുടെ ശ്രദ്ധയിലുമെത്തിയത്. ഡി.എം.ഒയുടെ ആവശ്യപ്രകാരം ആശുപത്രി സൂപ്രണ്ട് ഡോക്ടറുടെ വിശദീകരണം വാങ്ങി. തന്റെ കൈയ്യക്ഷരം മോശമാണെന്നാണ് ഡോക്ടറുടെ മറുപടി. വലിയ തിരക്കുള്ള വേളയിലായിരുന്നു അങ്ങിനെ എഴുതേണ്ടി വന്നതെന്നും വിശദീകരണത്തിൽ പറയുന്നുണ്ട്.