കുണ്ടറ: പത്താം ക്ളാസുകാരൻ കോൺവെന്റിൽ നിന്ന് കാണാതായി എട്ട് ദിവസം പിന്നിടുമ്പോഴും പൊലീസ് ഇരുട്ടിൽ തപ്പുന്നു. മുളവന പള്ളിയറ പുത്തൻവീട്ടിൽ രാജു ജോണിന്റെ മകൻ റിനോ രാജുവിനെയാണ് (15) ഡിസംബർ 31 മുതൽ കാണാതായത്. അടൂർ മണക്കാല മാർത്തോമാ സഭയുടെ ഗുരുകുലത്തിൽ താമസിച്ചു പഠിക്കുകയായിരുന്നു കടമ്പനാട് സെന്റ് തോമസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ റിനോ.
ക്രിസ്മസ് അവധിക്ക് നാട്ടിലെത്തിയ റിനോ 26നാണ് ഗുരുകുലത്തിലേക്ക് മടങ്ങിപ്പോയത്. കടമ്പനാട് പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററിൽ റിനോ ട്യൂഷന് പോകുന്നുണ്ടായിരുന്നു. ഡിസംബർ 31ന് രാവിലെ എട്ടരയോടെ ട്യൂഷൻ ക്ളാസിന് പോയ റിനോ തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഗുരുകുലത്തിന്റെ ചുമതലയുള്ള പുരോഹിതൻ കുട്ടിയുടെ രക്ഷാകർത്താക്കളെ വിവരമറിയിച്ചു. തുടർന്ന് ഗുരുകുലത്തിൽ എത്തിയ രക്ഷാകർത്താക്കളും ഗുരുകുലം അധികൃതരും അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
എട്ട് ദിവസം പിന്നിടുമ്പോഴും റിനോയെക്കുറിച്ച് പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. സി.സി.ടി.വി കാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ റിനോ 31ന് അടൂർ ഭാഗത്ത് വന്നതായി പൊലീസിന് വിവരം ലഭിച്ചു. ഭരണിക്കാവ് ഭാഗത്തേക്ക് പോയതായി കണ്ടതായി സ്വകാര്യ ബസ് ഡ്രൈവറും പൊലീസിനോട് പറഞ്ഞു. ഇതേതുടർന്ന് ഭരണിക്കാവ് ഭാഗത്ത് നടത്തിയ അന്വേഷണത്തിലും യാതൊരു വിവരവും ലഭിച്ചില്ല.
എൻ.കെ. പ്രേമചന്ദ്രൻ എം.പി വിവരങ്ങൾ അന്വേഷിച്ച് കഴിഞ്ഞ ദിവസം റിനോയുടെ വീട്ടിലെത്തിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ സഹായവും എം.പി വാഗ്ദാനം ചെയ്തു. സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അടക്കം നിവേദനം നൽകി.