photo
പ്രദേശവാസികൾ സംഘടിച്ച് ഇളമ്പള്ളൂർ - പുന്നമുക്ക് റോഡ് ഉപരോധിച്ചപ്പോൾ

കുണ്ടറ: ഓട പുനർനിർമ്മിക്കുന്നതിനായി വെട്ടിപ്പൊളിച്ച ഇളമ്പള്ളൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡ് - പനംകുറ്റി ഏലാ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പുന്നമുക്ക് റോഡ് ഉപരോധിച്ചു. കുണ്ടറ ടൗണിലെ ഓടകളിൽ നിന്ന് ഒഴുകിവരുന്ന വെള്ളം പനംകുറ്റി ഏലായിലേക്ക് ഒഴുക്കിവിടാനായി വർഷങ്ങൾക്ക് മുമ്പാണ് മൂന്ന് മീറ്ററോളം വീതിയുള്ള ഓട നിർമ്മിച്ചത്. ഓടയുടെ മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ നിരത്തിയ റോഡ് പനംകുറ്റി ഏലായിലേക്കുള്ള ഏക സഞ്ചാരമാർഗമാണ്.

എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 32 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞ ഒക്ടോബർ 17നാണ് ഓടയുടെ പുനർനിർമ്മാണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സ്ലാബുകൾ ഇളക്കിമാറ്റിയതോടെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണം എങ്ങുമെത്തിയില്ല. പലതവണ അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്.

പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. കെ. ഇഖ്ബാൽ, തടത്തിവിള ചന്ദ്രൻപിള്ള, രാജേഷ്, പ്രദീഷ്, സിന്ധു, മിനി, മായാ എന്നിവർ സമരത്തിന് നേതൃത്വം നൽകി.