പത്തനാപുരം: പത്തനാപുരം സെന്റ് മേരീസ് സ്കൂളിന് സമീപം ജനവാസ മേഖലയിൽ ആരംഭിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനവാസ മേഖലയിൽ പ്ലാന്റ് സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ലെന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ജനപ്രതിനിധികളും പറയുന്നു.
മുന്നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് കെ.എസ്.ടി.പി യുടെ പുനലൂർ മുതൽ കോന്നി വരെയുള്ള സംസ്ഥാന പാതയുടെ റോഡിന്റെ വികസനത്തിനായുള്ള ടാർ മിക്സിംഗ് പ്ലാന്റിന്റെ വർക്കുകൾ പുരോഗമിച്ച് വരികയാണ്. നടുക്കുന്ന് നോർത്ത് വാർഡിന്റെയും നെടുമ്പറമ്പ് വാർഡിന്റെയും അതിർത്തി പ്രദേശത്താണ് പ്ളാന്റ്. ഇതിനിടെ സൈറ്റ് സന്ദർശിച്ച ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്ക് തർക്കമുണ്ടായി.പ്ലാന്റ് നിർമ്മാണം നടത്തിയാൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർക്ക് ശല്യമായ രീതിയിൽ നിർമ്മാണ പ്രവൃത്തികൾ അനുവദിക്കില്ലെന്നും എന്നാൽ വികസനത്തിന് തടസം നില്ക്കുന്നവരെ എതിർക്കുമെന്നും കെ.ബി .ഗണേശ് കുമാർ എം.എൽ.എ പറഞ്ഞു. നാട്ടുകാർ എം.പി, എം.എൽ.എ, ജില്ലാ കളക്ടർ,പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർക്ക് പരാതി നല്കി.