parisodhana

 പ്രഥമദൃഷ്ട്യാ കയ്യേറ്റമുണ്ടെന്ന് ഉദ്യോഗസ്ഥ സംഘം

കൊല്ലം: അഷ്ടമുടി കായൽ ഏക്കറുകളോളം കയ്യേറിയ ഉളിയക്കോവിൽ വിളപ്പുറം ഭാഗത്ത് ഉൾനാടൻ ജലഗതാഗത വകുപ്പ് പരിശോധന നടത്തി. ഈ ഭാഗത്ത് ഒരു വീടിന് മുന്നിലെ രണ്ട് ഏക്കറോളം വലിപ്പത്തിലുള്ള ഉദ്യാനമടക്കം കായൽ കയ്യേറി നിർമ്മിച്ചതെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

വിളപ്പുറം ഭാഗത്ത് കായൽ കയ്യേറിയ മറ്റ് ചില ഭൂവുടമകൾ കായൽ കയ്യേറ്റം സമ്മതിച്ചു. ഉടൻ പൊളിച്ചുനീക്കാമെന്നും പറഞ്ഞു. പക്ഷെ തന്റെ പക്കൽ ഭൂമിയുടെ എല്ലാ രേഖകളും ഉണ്ടെന്നാണ് രണ്ടേക്കറോളം കയ്യേറിയ ആളുടെ വാദം. കായൽ കയ്യേറിയവർക്കെല്ലാം രേഖകൾ ഹാജരാക്കാൻ ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സി. എൻജിനിയർ ഉടൻ നോട്ടീസ് നൽകും.

1957ലെ ഭൂസംരക്ഷണ നിയമം, 2003ലെ ഇറിഗേഷൻ ആൻഡ് വാട്ടർ കസൺസർവേഷൻ നിയമം എന്നിവ പ്രകാരമായിരിക്കും നോട്ടീസ്. കയ്യേറ്റം സംശയിക്കുന്ന ഭാഗത്തെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർവേ തഹസിൽദാർക്കും ഉൾനാടൻ ജലഗതാഗത വകുപ്പ് കത്ത് നൽകും. അളക്കുമ്പോൾ കയ്യേറ്റം സ്ഥിരീകരിച്ചാൽ അവിടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചുനീക്കാനാണ് ആലോചന.

ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എൻജിനിയർ എ. ശ്രീകുമാർ, ഓവർസിയർമാരായ നാഗേന്ദ്രൻ, വിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 ഉള്ളത് വ്യാജരേഖ

വർഷങ്ങൾക്ക് മുൻപേ കായൽ മണ്ണിട്ട് നികത്തിയവർ ഉടമസ്ഥത തെളിയിക്കാൻ ഇതിനകം വ്യാജ രേഖകൾ ചമച്ചിട്ടുണ്ടാകുമെന്ന സംശയം ഉയർന്നിട്ടുണ്ട്. അതുകൊണ്ട് ഭൂവുടമസ്ഥർ ഹാജരാക്കുന്ന രേഖകൾക്കൊപ്പം വർഷങ്ങൾ പിന്നോട്ടുള്ള റവന്യൂ രേഖകളും പരിശോധിക്കും.

''

ഉളിയക്കോവിൽ വിളപ്പുറം ഭാഗത്ത് വ്യാപകമായി കായൽ കയ്യേറ്റമുണ്ടെന്നാണ് പ്രഥമ ദൃഷ്ട്യായുള്ള വിലയിരുത്തൽ. കയ്യേറ്റത്തെ കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ പരിശോധന നടത്തി നടപടിയെടുക്കും. അല്ലെങ്കിൽ കയ്യേറുന്ന പ്രവണത വർദ്ധിക്കും.

എ. ശ്രീകുമാർ, അസി. എൻജിനിയർ

ഉൾനാടൻ ജലഗതാഗത വകുപ്പ്