കൊല്ലം: അല്ലലില്ലാതെ സമ്പന്നതയുടെ മടിത്തട്ടിൽ ജീവിച്ച അലിൻഡിലെ തൊഴിലാളികൾ ഇന്ന് പട്ടിണിയുടെ കയ്പ്പുനീർ രുചിക്കുന്നു. ജോലിയും ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയ വ്യഥയിൽ ആയുസ് തള്ളിനീക്കുകയാണ് ഇവർ.
1948ൽ പ്രവർത്തനം ആരംഭിക്കുമ്പോൾ ഉത്പന്നങ്ങളെ പോലെ തന്നെ ജനശ്രദ്ധ നേടിയതാണ് അലിൻഡിലെ തൊഴിൽ സംസ്കാരവും. മാനേജ്മെന്റിലുള്ളവരെയും തൊഴിലാളികളെയും 'അലിൻഡർ' എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്. നിശ്ചിത അളവിന് മുകളിലുള്ള ഉത്പാദനത്തിന് ബോണസ് ഏർപ്പെടുത്തിയതിലൂടെ ഉപഭോക്താവിന് ഉത്പന്നങ്ങൾ കൃത്യസമയത്ത് കൊടുക്കാനും അതുവഴി ഉയർന്ന സാമ്പത്തിക വളർച്ച കൈവരിക്കാനും കഴിഞ്ഞു.
രാജ്യത്ത് ആദ്യമായി 50 ശതമാനം ലാഭം ബോണസായി വിതരണം ചെയ്ത കമ്പനിയാണ് അലിൻഡ്. തൊഴിലാളികൾക്കായി ക്വാർട്ടേഴ്‌സുകൾ, മെഡിക്കൽ സെന്റർ, പ്രൊവിഷൻ സ്റ്റോർ, കളിക്കളങ്ങൾ, സിനിമാ തിയേറ്റർ, ക്ളബുകൾ, റസ്റ്റ് ഹൗസ് എന്നിവയും പണിതുയർത്തി. എന്നാൽ മാറി മാറിവന്ന സർക്കാരുകളുടെ പിടിപ്പുകേട് മൂലം ഇന്ന് ജീവിക്കാൻ മറ്റ് മാർഗമില്ലാതെ കൂലിപ്പണിക്ക് പോകുകയാണ് ജീവനക്കാർ.
70 വയസ് കഴിഞ്ഞവർ ചികിത്സയ്ക്ക് പോലും മാർഗമില്ലാതെ ദുരിതക്കയത്തിലാണ്. രണ്ടാം പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ആനുകൂല്യങ്ങൾ തിട്ടപ്പെടുത്താൻ 2014ൽ ബി.ഐ.എഫ്.ആറിൽ നിന്ന് ഉത്തരവ് നേടിയെങ്കിലും തൊഴിൽ വകുപ്പിലും വിവിധ കോടതികളിലുമായി നിയമപോരാട്ടം തുടരുകയാണ് അവർ.
ആനുകൂല്യങ്ങൾ മരവിപ്പിച്ചു, കിട്ടാനുള്ളത് 4.79 കോടി
തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും തൊഴിൽ തർക്കങ്ങൾ ഒഴിവാക്കാനും അലിൻഡ് മാനേജ്‌മെന്റും തൊഴിലാളികളും ദീർഘകാല കരാറുകളിൽ ഏർപ്പെട്ടിരുന്നു. 1986 ആഗസ്റ്റ് 22നാണ് അവസാന കരാർ ഒപ്പുവയ്ക്കുന്നത്. 1987ൽ പീഡിത വ്യവസായമായി പ്രഖ്യാപിച്ചതോടെ നിലവിൽ വന്ന പുനരുദ്ധാരണ പദ്ധതി പ്രകാരം തൊഴിലാളികൾക്ക് മൂന്ന് വർഷത്തേക്ക് ശമ്പളമൊഴികെയുള്ള ആനുകൂല്യങ്ങൾ മരവിപ്പിച്ചു. ഇതിലൂടെ 4.79 കോടി രൂപ തൊഴിലാളികൾക്ക് ലഭിക്കാനുണ്ട്. ഈ തുകയും പലിശയും 1994ൽ എസ്.ബി.ടി തിട്ടപ്പെടുത്തിയിട്ടുണ്ട്.
ശമ്പളം ലഭിച്ചത് 1995 വരെ
1996 ഒക്ടോബർ വരെ മാത്രമേ അലിൻഡിൽ പേ റൂൾ ഉണ്ടാക്കിയിട്ടുള്ളുവെന്ന് കമ്പനി സെക്രട്ടറി പി.എഫ് കമ്മിഷന് മുൻപാകെ 1998 ജൂൺ 15ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ 1995 ഡിസംബർ വരെയാണ് തൊഴിലാളികൾക്ക് ശമ്പളം നൽകിയിട്ടുള്ളത്. 2014ൽ ബി.ഐ.എഫ്.ആറിൽ നിന്ന് ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരുവിഭാഗം തൊഴിലാളികൾ തൊഴിൽ വകുപ്പിലും വ്യവസായ വകുപ്പിലും ഇതിനെതിരെ തർക്കം ഉന്നയിച്ചിട്ടുണ്ട്.
സർക്കാർ നൽകിയതും സൊമാനിയയുടെ പോക്കറ്റിൽ
2010ൽ അലിൻഡ് ഏറ്റെടുക്കാൻ ഓർഡിനൻസ് കൊണ്ടുവന്നതിനെ തുടർന്ന് ഓണക്കാലത്ത് നാല് വർഷങ്ങളിലായി ഓരോ തൊഴിലാളികൾക്കും 20,500 രൂപ വീതം സർക്കാർ അഡ്വാൻസായി നൽകിയിരുന്നു. വ്യവസായ വികസന കോർപ്പറേഷനായിരുന്നു വിതരണ ചുമതല.
2014ൽ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനായി തുക വകയിരുത്തിയിരുന്നു. 2013ലെ ധാരണ പ്രകാരം 1997 നവംബർ അടിസ്ഥാനമാക്കി ഈ തുകയിൽ നിന്ന് അലിൻഡ് മാനേജ്മെന്റ് ഗ്രാറ്റുവിറ്റി നൽകി. എന്നാൽ സർക്കാർ വിതരണം ചെയ്ത അഡ്വാൻസ് തുക കുറവ് ചെയ്തതിന് ശേഷമാണ് തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകിയത്.
ഈ തുക മാത്രം 1,17,43,000 രൂപ വരും. ഈ തുകയും ഇന്നേവരെ സർക്കാരിൽ തിരിച്ചടയ്ക്കാതെ സൊമാനിയയും കൂട്ടാളികളും കൈവശം വച്ചിരിക്കുകയാണ്. ഈ തുക തൊഴിലാളികൾക്ക് തിരിച്ചുനൽകണമെന്ന് കൊല്ലം റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ 2018ൽ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.