photo
പനച്ചവിളയ്ക്ക് സമീപം റോഡിൽ കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു.

അഞ്ചൽ: അഞ്ചൽ- ആയൂർ റോഡിൽ ഇടമുളയ്ക്കൽ പനച്ചവിള ജംഗ്ഷന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ല. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡിനടയിൽ കുഴിച്ചിട്ടിരിക്കുന്ന പൈപ്പ് പൊട്ടിയാണ് റോഡിലൂടെ വെള്ളം ഒഴുകി പാഴാകുന്നത്. വാളകം വാട്ടർ അതോറിട്ടി ഓഫീസിന്റെ പരിധിയിലുള്ള ഇവിടെ രണ്ടാഴ്ചയിലേറെയായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് നാട്ടുകാർ പലതവണ ബന്ധപ്പെട്ട ഓഫീസിലറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കാൻ റോഡിൽ എടുത്തിട്ടുള്ള കുഴികളും പലസ്ഥലങ്ങളിലും പൂർണമായി മൂടാത്തതിനാൽ അപകടങ്ങളും ഈ മേഖലയിൽ വർദ്ധിച്ചിരിക്കുകയാണ്.

കുടിവെള്ളക്ഷാമവും രൂക്ഷമാകും

വെള്ളം റോഡിലൂടെ ഒഴുകുന്നത് കാരണം കാൽനടയാത്രക്കാർക്കും വാഹനങ്ങൾ കടന്നുപോകുന്ന സമയം വെള്ള തെറിക്കാതെ പോകാൻ പറ്റാത്ത സ്ഥിതിയാണ്. വരും നാളുകളിൽ ചൂട് ശക്തമാകുന്നതോടെ ഈ മേഖലയിൽ കുടിവെള്ളക്ഷാമവും രൂക്ഷമാകും. പലതവണ ശ്രദ്ധയിൽ പെടുത്തിയിട്ടും കുടിവെള്ളം പാഴാകുന്നത് പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത അധികൃതർക്കെതിരെ വാട്ടർ അതോറിട്ടിയുടെ ഉയർന്ന ഉദ്യോഗസ്ഥർക്കും വകുപ്പ് മന്ത്രിയ്ക്കും പരാതി നൽകാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ.

ഏറെ നാളായി പൈപ്പ്പൊട്ടി കുടിവെള്ളം പാഴായിട്ടും വാട്ടർ അതോറിട്ടി നടപടിയെടുക്കുന്നില്ല. അടിയന്തരമായി ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കണം. വരൾച്ച രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുടിവെള്ളം പാഴായിട്ടും വാട്ടർ അതോറിട്ടിയുടെ വാളകം ഓഫീസ് അധികൃ‌ർ കൈമലർത്തുകയാണ്. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ നാട്ടുകാർസമരങ്ങളിലേയ്ക്ക് കടക്കേണ്ട സ്ഥിതിയാണ്.

ബി. മുരളി, രക്ഷാധികാരി പനച്ചവിള കൈരളി പുരുഷ സ്വയം സഹായസംഘം