കൊല്ലം: കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന വേലിയേറ്റം മൂലം ക്രമാതീതമായി കരയിലേക്ക് വെള്ളം കയറുന്നത് അശാസ്ത്രീയമായ ഡ്രഡ്ജിംഗ് മൂലമുണ്ടായ ഘടനാവ്യത്യാസമെന്ന് മത്സ്യത്തൊഴിലാളികൾ. ശാസ്ത്രീയ പഠനം നടത്തി നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും ആവശ്യമുയരുകയാണ്.
പന്ത്രണ്ട് വർഷം മുമ്പ് ദേശീയ ജലപാത ഡ്രഡ്ജ് ചെയ്ത് ആഴംകൂട്ടിയിരുന്നു. ഇതേതുടർന്ന് സാമ്പ്രാണിക്കോടിയിൽ നിന്ന് ഏകദേശം 100 മീറ്റർ മാറി പുതുതായി ഒരുതുരുത്ത് രൂപപ്പെടുകയും ചെയ്തിരുന്നു. ഈ ഭാഗത്ത് പിന്നീട് എക്കൽ അടിയുകയും കണ്ടൽച്ചെടികൾ വളരുകയും ചെയ്തു. ഇവിടം ഇപ്പോൾ ടൂറിസം വകുപ്പ് ഏറ്റെടുത്ത് സഞ്ചാരികൾക്കായി തുറന്നുകൊടുത്തിരിക്കുകയാണ്.
അതേസമയം അഷ്ടമുടിയുടെ തീരപ്രദേശങ്ങളായ പ്രാക്കുളം, അഷ്ടമുടി, മൺറോത്തുരുത്ത്, മുക്കാട്, നീണ്ടകര പാലത്തിന് കിഴക്ക് ഭാഗത്തുള്ള എട്ടോളം തുരുത്തുകൾ എന്നിവിടങ്ങളിലെല്ലാം വെള്ളം കരയിലേക്ക് കയറുകയാണ്. കക്ക, മുരിങ്ങ തുടങ്ങിയവയെടുത്ത് ഉപജീവനം നടത്തുന്നവർക്ക് കടുത്ത വേലിയേറ്റം മൂലം തൊഴിൽ നഷ്ടപെട്ട അവസ്ഥയും നിലവിലുണ്ട്.
കായൽതീരത്തെ സംരക്ഷണ ഭിത്തിയിൽ നിന്ന് മീറ്ററുകളോളം ഉള്ളിലേക്കാണ് ഇപ്പോൾ വെള്ളം കയറുന്നത്. നേരത്തെയുണ്ടായിരുന്ന വേലിയേറ്റങ്ങളിലൊന്നും ഇത്തരത്തിൽ കായൽ ജലം കരയിലേക്ക് കയറുകയിലായിരുന്നു. രണ്ടാഴ്ചയായി വേലിയേറ്റം ശക്തമായിട്ടും അധികൃതരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. സംസ്ഥാനത്തെ കായലുകളിൽ വലുപ്പത്തിൽ രണ്ടാംസ്ഥാനമാണ് അഷ്ടമുടിക്ക്. റാംസർ ഉടമ്പടി പ്രകാരം സംരക്ഷിക്കപ്പെടേണ്ട തണ്ണീർത്തടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകുന്നില്ല.
മണൽ ഖനനം വിനയാകുന്നു
മണൽ ഖനനം മൂലമുണ്ടായ ആഴക്കൂടുതലാണ് മൺറോത്തുരുത്തിൽ കര ഇടിയാനും വെള്ളം കയറാനും കാരണമെന്ന് വിദഗ്ദ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അശാസ്ത്രീയമായ മണൽ ഖനനവും ഡ്രഡ്ജിംഗും കായലിന്റെ കയറ്റിറക്കങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.