കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ ഗുരുദേവനെയും ഗുരുദേവ സന്ദേശങ്ങളെയും അവഗണിച്ചതിലൂടെ പിന്നാക്ക സമുദായക്കാരെ എൽ.ഡി.എഫ് സർക്കാർ വഞ്ചിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കമ്മിറ്റി ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി പറഞ്ഞു.
ഗുരുദേവനെ അടയാളപ്പെടുത്താത്ത ലോഗോ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓപ്പൺ സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകരാജ്യങ്ങളുടെ കൂട്ടായ്മയായ ഐക്യരാഷ്ട്ര സഭ പോലും ഗുരുദേവനെ അംഗീകരിക്കുന്നു. സഭയുടെ ആസ്ഥാനത്ത് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവ വചനം ആലേഖനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗുരുദേവന്റെ പേരിൽ ആരംഭിച്ച സർവകലാശാല അദ്ദേഹത്തെ അവഗണിക്കുന്നത്. എല്ലാ സർവകലാശാല ലോഗോകളും വിദ്യാഭ്യാസത്തിന്റെയോ ശാസ്ത്ര സാങ്കേതിക വിദ്യയുടെയോ പ്രാധാന്യത്തെ പ്രതീകാത്മകമായി അടയാളപ്പെടുത്തുന്നവയാണ്. മഹാന്മാരുടെ പേരിലുള്ള സർവകലാശാലകളുടെ ലോഗോകളിലെല്ലാം അവരെ അടയാളപ്പെടുത്തിയിട്ടുണ്ട്. അപ്പോഴോണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അധികൃതർ ഗുരുദേവനെ അവഗണിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ ഗൂഢ അജണ്ടയുണ്ട്. പിന്നാക്കക്കാരുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാരിന്റെ വഞ്ചന ജനങ്ങൾ അംഗീകരിക്കില്ല. വരുന്ന തിരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്നും ഷേണാജി പറഞ്ഞു.
സമീം മുട്ടയ്ക്കാവ് അദ്ധ്യക്ഷനായി. ചിത്രസേനൻ സ്വാഗതം ആശംസിച്ചു. അബ്ദുൾ റഷീദ്, സുമ അനിൽകുമാർ, നെപ്പോളിയൻ, പ്രദീപ് കുമാർ, നജീം പുത്തൻകട, ആന്റണി, വിദ്യാസാഗർ, ശരത്ചന്ദ്രൻ, കെ.ജെ. യേശുദാസ്, മങ്ങാട് ഉപേന്ദ്രൻ, അനിൽകുമാർ, ഭഗീരഥൻ, ദേവദത്ത് ആശ്രാമം, സുരേഷ് പണിക്കർ, ആൻസിൽ പൊയ്ക, കട്ടയ്ക്കൽ ഉണ്ണി സുദേവൻ പേരൂർ എന്നിവർ സംസാരിച്ചു.