തെന്മല : ഉറുകുന്ന് സ്വദേശി പ്രദീപിന്റെ മകൾ പ്രിയയുടെ ആത്മഹത്യയിൽ ദുരൂഹത ഉണ്ടെന്നും അന്വഷണം തൃപ്തികരമല്ലെന്നും ആരോപിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ ഉറുകുന്ന് ജംഗ്ഷനിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും നാട്ടുകാരും ഉൾപ്പടെ നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. കഴിഞ്ഞ നവംബർ 14 ന് ആയിരുന്നു പ്രിയ ആത്മഹത്യ ചെയ്തത്. മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടികളൊന്നും ഉണ്ടായില്ല. തുടർന്നാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി, ഡി.ജി.പി, ബാലവാകാശ കമ്മിഷൻ,കൊട്ടാരക്കര റൂറൽ എസ്. പി, പുനലൂർ ഡിവൈ.എസ്.പി എന്നിവർക്കും പരാതി നൽകി. നിലവിലെ അന്വഷണ ഉദ്യോഗസ്ഥനെ മാറ്റി അന്വേഷണം നടത്തണമെന്നാണ് ആക്ഷൻ കൗൺസിൽ അംഗങ്ങളുടെ ആവശ്യം.ബാലാവകാശ കമ്മിഷൻ അംഗം റെനി ആൻറണി പ്രിയയുടെ വീട് സന്ദർശിച്ചു. പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിനുമുൻപ് സുഹൃത്തിനയച്ച സന്ദേശങ്ങൾ കുടുംബം കമ്മിഷൻ അംഗത്തിന് കൈമാറിയതായി ആക്ഷൻ കൗൺസിൽ അറിയിച്ചു.