പുനലൂർ: കനത്ത മഴയിൽ പുനലൂർ ടൗൺ വെള്ളക്കെട്ടിലായത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി. ഇന്നലെ വൈകിട്ട് 5.30ന് ആരംഭിച്ച കനത്തമഴ വൈകിട്ട് 7.30 വരെ നീണ്ട് നിന്നു.പട്ടണത്തിലുടെ കടന്ന് പോകുന്ന പാതയോരത്തെ അശാസ്ത്രീയമായ ഓട നിർമ്മാണത്തെ തുടർന്നാണ് ടൗൺ വെള്ളക്കെട്ടിലായത്.കൊല്ലം -തിരുമംഗലം ദേശീയ പാത കടന്ന് പോകുന്ന പുനലൂർ തൂക്ക് പാലത്തിന് സമീപത്ത് നിന്ന് ചെമ്മന്തൂർ വരെയുളള പാതയോരത്താണ് കഴിഞ്ഞ വർഷം പുതിയ ഓടയും നടപ്പാതയും പണിതത്.ഇടുങ്ങിയ ഓടയിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടി മഴ വെള്ളം ഒഴുകി പോകാൻ കഴിയാത്തതിനെ തുടർന്നാണ് ടൗൺ വെളളത്തിലായതെന്ന് വ്യാപാരികൾ പറഞ്ഞു.
നഗരസഭ നടപടിയെടുക്കണം
കെ.എസ്.ആർ.ടി.സി ജംഗ്ഷന് മുകൾ ഭാഗത്ത് കൂടി കടന്ന് പോകുന്ന ദേശീയ പാതയിലാണ് രണ്ട് മണിക്കൂറോളം വെളളം കയറിയത്. റോഡിൽ രൂപപ്പെട്ട വെളളക്കെട്ട് സമീപത്തെ വ്യാപാരശാലകളിലേക്ക് ഒഴുകിയെത്തിയത് വസ്ത്ര വ്യാപാരശാലകൾക്ക് പുറമെ ,സ്വർണകടയടക്കമുളള കച്ചവടക്കാരെയും ദുരിതത്തിലാക്കി. കനത്ത മഴയിൽ ഓടയിൽ നിന്നും വ്യാപാരശാലകളിൽ വെളളം കയറുന്നത് ഒഴുവാക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കച്ചവടക്കാർ നഗരസഭ അധികൃതരെ നേരിൽ കണ്ട് പരാതി നൽകിയെങ്കിലും തുടർ നടപടികൾ അനന്തമായി നീണ്ട് പോകുകയാണ്.
മാലിന്യം നിറഞ്ഞ് ഓട
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്ന് അനുവദിച്ച 2.25കോടി രൂപ ചെവലവഴിച്ചാണ് ടൗണിൽ പുതിയ കോൺക്രീറ്റ് സ്ലാബിട്ട ഓടയും നടപ്പാതയും പണിതത്. എന്നാൽ അശാസ്ത്രീയമായ ഓട നിർമ്മാണത്തിനെതിരെ വ്യാപാരികൾ അന്ന് പ്രതിഷേധവുമായി രംഗത്ത് എത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം നിർമ്മാണ ജോലികൾ തുടരുകയായിരുന്നു. ഇപ്പോൾ ഹോട്ടൽ മാലിന്യങ്ങൾ അടക്കമുളളവ ഒഴുകിയെത്തി ഓട അടഞ്ഞതോടെ മഴ വെള്ളം ഒഴുകി പോകാൻ കഴിയാത്തത്.ഇതാണ് മഴയത്ത് പട്ടണം വെളളക്കെട്ടിലാകാൻ മുഖ്യകാരണം.