photo
രഞ്ജിത്തും ഷിജോയും

കൊല്ലം: പത്തനംതിട്ട ജില്ലയിലെ സ്ഥിരം വാഹന മോഷ്ടാക്കളെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മൈലപ്ര മേക്കൊഴൂർ മരുത്പ്ളാക്കൽ വീട്ടിൽ രഞ്ജിത്ത്(23), പത്തനംതിട്ട പുല്ലൂപ്രം റബറിൻ കാലയിൽ ഷിജോ(18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെ രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. മുൻപ് പന്തളം എസ്.ഐ ആയിരിക്കെ താൻ അറസ്റ്റ് ചെയ്ത പ്രതികളിലൊരാളെ എസ്.ഐ ശ്രീജിത്ത് തിരിച്ചറിഞ്ഞതോടെയാണ് കൂടുതൽ പരിശോധന നടത്തിയതും പ്രതികൾ സഞ്ചരിച്ച ബൈക്ക് മോഷണ വാഹനമാണെന്ന് കണ്ടെത്തിയതും. ബൈക്കിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. ഷിജോയുടെ ബാഗിൽ നിന്ന് നീളമുള്ള സ്ക്രൂ ഡ്രൈവറും കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്ക് തിരുവല്ല സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്തപ്പോൾ വിവിധ ജില്ലകളിലായി ഇരുപതിലധികം വാഹന മോഷണം നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. പത്തനംതിട്ട ജില്ലയിലാണ് സ്ഥിരം മോഷണം നടത്തിയിട്ടുള്ളത്. മുൻപ് പിടിക്കപ്പെട്ടുവെങ്കിലും നവംബറിൽ ശിക്ഷകഴിഞ്ഞിറങ്ങി കൂടുതൽ മോഷണം നടത്തി വരികയായിരുന്നു. പന്തളത്തുള്ള മൊബൈൽ കടയിലെ അൻപതിൽപ്പരം മൊബൈൽ ഫോണുകൾ കവർന്നതും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരെയും റിമാൻഡ് ചെയ്തു. ശൂരനാട് സി.ഐ എ.ഫിറോസ്, എസ്.ഐമാരായ ഡി.ശ്രീജിത്ത്, ജേക്കബ്, ചന്ദ്രമോൻ, എ.എസ്.ഐമാരായ മധു, ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.