കൊട്ടാരക്കര: രോഗിയ്ക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ ഗണേശനെയാണ് (50) കസ്റ്റഡിയിൽ എടുത്തത്. അടുത്തിടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ചുവന്നതാണ് ഇയാൾ. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ശീലമുണ്ടെന്നും വസ്ത്രം മാറുന്നിടങ്ങളിലും ടോയ്ലറ്റുകളിലും എത്തിനോക്കാറുണ്ടെന്നും പൊലീസ് പറയുന്നു. കൊട്ടാരക്കരയിലെത്തിയിട്ടും ഈ വിക്രിയകൾ തുടർന്നതായിട്ടാണ് മറ്റ് ജീവനക്കാർ പറയുന്നത്. ഇന്നലെ രാത്രിയിൽ രോഗിയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്ന ഇരുപതുകാരിയെയാണ് കടന്നുപിടിക്കാൻ ശ്രമിച്ചത്. ഇവർ ബഹളം കൂട്ടിയതോടെ ആളുകൾ ഓടിക്കൂടി പൊലീസിനെ വരുത്തുകയായിരുന്നു. യുവതിയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.