photo
കെ.ബി.ഗണേശ് കുമാർ എം.എൽ.എ അനി വർണ്ണത്തിന് പുരസ്ക്കാരം നൽകുന്നു.

കരുനാഗപ്പള്ളി : നാക്ക് കൊണ്ട് ചിത്രം വരച്ച് ശ്രദ്ധേയനായ കരുനാഗപ്പള്ളി സ്വദേശി അനി വർണം പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നു. മൂക്ക് കൊണ്ട് ചിത്രം വരച്ച് ലോക റെക്കാർഡിൽ ഇടം പിടക്കാനാണ് അനി വർണം ശ്രമിക്കുന്നത്. 3 മാസം മുൻപ് ഇതിനായുള്ള പരിശീലനം തുടങ്ങി. അപൂർവമായ ചിത്രരചനാ രീതി കൊണ്ട് ശ്രദ്ധേയനായ കലാകാരനാണ് അനി വർണം. 24 അടി നീളത്തിലും 10 അടി വീതിയിലുമുള്ള കാൻവാസിൽ ചായക്കൂട്ട് മൂക്കിൻ തുമ്പത്ത് ചാലിച്ച് ചിത്രം വരയ്ക്കാനുള്ള പരിശീലനത്തിനാണ് ഏർപ്പെട്ടിരിക്കുന്നത്. മാർച്ച് മാസത്തിൽ ചിത്രം വരച്ച് തുടങ്ങും. ഇതിനിടയിൽ വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധി പുരസ്കാരങ്ങൾ അനി വർണത്തെ തേടി എത്തിയിട്ടുണ്ട്. അനി വർണം വരച്ച ശ്രീനാരായണ ഗുരുദേവന്റെ ചിത്രം ഏറെ ശ്രദ്ധനേടി. .ബ്രിട്ടീഷ് വേൾഡ് റെക്കാർഡ്സ്, ഏഷ്യൻ വേൾഡ് റെക്കാർഡ് (മലേഷ്യ), ചാമ്പ്യൻ ബുക്ക് ഒഫ് വേൾഡ് റെക്കാർഡ് (ലണ്ടൻ), ഇന്ത്യൻ ബുക്ക് ഒഫ് റെക്കാർഡ്സ്, ക്രിഡൻസ് ബുക്ക് ഒഫ് വേൾഡ് റെക്കാർഡ് (രാജസ്ഥാൻ), ബ്രേവോ ഇന്റർനാഷണൽ ബുക്ക് ഒഫ് വേൾഡ് റെക്കാർഡ് തുടങ്ങിയ പുരസ്കാരങ്ങളാണ് ചിത്രകാരനെ തേടി എത്തിയത്. 16-ം വയസ് മുതലാണ് അനി വർണം ചിത്രം വരച്ച് തുടങ്ങിയത്. 1500 ൽ അധികം ചിത്രങ്ങൾ ഇതിനകം വരച്ച് കഴിഞ്ഞു. മൂന്നാം ക്ലാസുകാരൻ അഭിമന്യു അച്ഛനെ പോലെ ചിത്ര രചനയിൽ വ്യാപൃതനാണ്. സുനിതയാണ് ഭാര്യ