പൊൻമന: ദേശീയ ജലപാതയിൽ ടി.എസ് കനാലിലെ കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലേക്ക് കടത്തിറങ്ങുന്ന കൊട്ടാരത്തിൻ കടവിലൂടെയുള്ള യാത്രാദുരിതം മാറി. ആളുകളുടെ യാത്ര ദുരിതമാക്കിയിരുന്ന
കുളവാഴകളും പായലും നീക്കം ചെയ്തു. കൊട്ടാരത്തിൻ കടവിൽ ഒഴുക്ക് നിലക്കപ്പെട്ട് കായൽ കരയായ അവസ്ഥ കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത നൽകിയിരുന്നു. കാട്ടിൽ മേക്കിൽ ദേവീക്ഷേത്രഭരണസമിതി നാട്ടുകാരുടെ സഹായത്തോടെ കൊട്ടാരത്തിൻ കടവിൽ കായലിന് കുറുകെ രണ്ടു വശങ്ങളിലും വടം കെട്ടിയാണ് കുളവാഴകളും പായലും നീക്കം ചെയ്തത്. ആയിരക്കണക്കിന് ഭക്തർ ദിനംപ്രതി എത്തുന്ന ഇവിടെ വള്ളങ്ങളും ചങ്ങാടങ്ങളും കായലിലൂടെ അക്കരെയിക്കരെ കടത്തുന്നത് വളരെ പ്രയാസപ്പെട്ടായിരുന്നു. ഇപ്പോൾ വടം കെട്ടി താത്കാലികമായ ബുദ്ധിമുട്ട് ഒഴുവാക്കിയെങ്കിലും കുളവാഴകളും പായലും മാലിന്യങ്ങളും നീക്കം ചെയ്യാൻ അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എസ് .സന്തോഷ് കുമാറും സെക്രട്ടറി ടി.ബിജു അറിയിച്ചു