ചാത്തന്നൂർ: നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളെ തിരഞ്ഞ് പൊലീസും ആരോഗ്യവകുപ്പും പഞ്ചായത്തും. ആശുപത്രികളിലെ രജിസ്റ്റർ പരിശോധന തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസും അന്വേഷണം ഊർജ്ജിതമാക്കി. ആശുപത്രികളിലെ ലിസ്റ്റ് പരിശോധന അവസാനഘട്ടത്തിലാണ്.
കുടുംബമായി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധന തുടരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുദീപയുടെ നേതൃത്വത്തിൽ വീടുകളിൽ കയറിയിറങ്ങുകയാണ് ജനപ്രതിനിധികൾ. രണ്ട് വാർഡുകൾ പൂർണമായും പരിശോധിച്ചതായി പ്രസിഡന്റ് എസ്. സുദീപ പറഞ്ഞു. കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിന് സമീപമുള്ള പേഴുവിള വീട്ടിൽ സുദർശനൻപിള്ളയുടെ പറമ്പിലെ കരിയിലകുഴിയിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയെ കിട്ടിയത്. നിയോജകമണ്ഡലത്തിലെ ആശാപ്രവർത്തകരിൽ നിന്ന് വിവരങ്ങൾ തേടുകയാണ് ആരോഗ്യവകുപ്പ് അധികൃതർ. കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സി.സി ടി.വി ദൃശ്യങ്ങളും മൊബൈൽ ടവർ കേന്ദ്രികരിച്ചും പരിശോധന തുടരുകയാണ്. കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ചാത്തന്നൂർ എ.സി.പി ഷിനു തോമസിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘം പല ടീമുകളായി തിരിഞ്ഞാണ് പരിശോധന.