youth
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റിയുടെ മുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഗുരുദേവനെ പ്രതീകാത്മകമായി പോലും അടയാളപ്പെടുത്താത്ത ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ പിൻവലിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ പറഞ്ഞു. സർവകലാശാലയുടെ സ്ഥാപിത ലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന ലോഗോയ്ക്കെതിരെ യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശ ധനകാര്യ സ്ഥാപനത്തിന്റെ മുദ്ര അനുകരിച്ച് തയ്യാറാക്കിയ ലോഗോയിൽ സൂക്ഷിച്ച് നോക്കിയാൽ ഗുരുദേവനെ കാണാമെന്ന് പറഞ്ഞ് സർവകലാശാല അധികൃതർ കേരളജനതയെ കബിളിപ്പിക്കുകയാണ്. ഗുരുദേവനെ അവഗണിക്കാനുള്ള ശ്രമമാണ് ഇവർ നടത്തിയത്. പ്രതിഷേധിക്കുന്നരെ ബുദ്ധിരഹിതരായി ചിത്രീകരിച്ച് ആനന്ദം കണ്ടെത്തുന്നവർക്ക് ജനം മറുപടി നൽകും. ലോഗോ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും രഞ്ജിത്ത് രവീന്ദ്രൻ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സിബു വൈഷ്ണവ് അദ്ധ്യക്ഷനായി. കൊല്ലം യൂണിയൻ സെക്രട്ടറി ബി. പ്രതാപൻ, കുണ്ടറ യൂണിയൻ സെക്രട്ടറി പെരുമ്പുഴ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശർമ്മ സോമരാജൻ സ്വാഗതവും ചവറ യൂണിയൻ പ്രസിഡന്റ് റോസ് ആനന്ദ് നന്ദിയും പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി ബി. ഹരി, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി ശരത്ത് ചന്ദ്രൻ, സെക്രട്ടറി നീലിക്കുളം ഷിബു, കുണ്ടറ യൂണിയൻ പ്രസിഡന്റ് ഷാജി, കൊല്ലം യൂണിയൻ ഭാരവാഹികളായ ബൈജു, സിനു പട്ടത്തുവിള, വിനുരാജ്, അഭിലാഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.