കൊല്ലം: ഇന്നലെ ജില്ലയിലെ വിവിധ ആശുപത്രികളിൽ നടത്തിയ കൊവിഡ് സാങ്കൽപിക വാക്‌സിനേഷൻ സമ്പൂർണ വിജയം. ഗവ. വിക്‌ടോറിയ ആശുപത്രി, ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്, അഞ്ചൽ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ വിജയകരമായത്.
വാക്‌സിനേഷന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ അതേപടി ആവിഷ്‌ക്കരിച്ചാണ് ഡ്രൈ റൺ നടന്നത്. ശാരീരിക അകലം ഉറപ്പാക്കാനായി ആറടി അകലത്തിലായിരുന്നു ഇരിപ്പിടങ്ങൾ. ഒരാൾക്ക് മാത്രമാണ് ഒരു സമയം പ്രവേശനം. കൊവിഡ് പ്രതിരോധ സംബന്ധമായ അറിയിപ്പുകളും പ്രദർശിപ്പിച്ചിരുന്നു.
നാല് ഐസ് പായ്ക്കുകൾ വീതം രണ്ടു വാക്‌സിൻ കാരിയർ സജ്ജമാക്കി. ആവശ്യത്തിന് വാക്‌സിൻ വയലുകളും എ.ഡി സിറിഞ്ചുകളും കരുതിയിരുന്നു. ഹാൻഡ് സാനിറ്റൈസർകളും മാസ്‌കുകളും വാക്‌സിൻ വയൽ ഓപ്പണർ, ഹബ്ബ് കട്ടർ തുടങ്ങിയവയും സജ്ജമാക്കി. കുത്തിവയ്പ്പ് സ്‌ക്രീനിൽ മറച്ച് എ.ഇ.എഫ്.ഐ കോർണർ/അനാഫൈലക്‌സിസ് കിറ്റും ചുവപ്പ് മഞ്ഞനിറത്തിലുള്ള വേയ്സ്റ്റ് ബാഗുകളും നീലനിറമുള്ള പഞ്ചർ പ്രൂഫ് കണ്ടയ്‌നറുകളും തയ്യാറായിരുന്നു.
വാക്‌സിനേഷന് ശേഷം അകലം പാലിച്ച് 30 മിനിറ്റ് വീതം നിരീക്ഷണത്തിൽ ഇരുത്തിയിരുന്നു.
വാക്‌സിനേഷൻ ടീമിൽ അഞ്ച് തലത്തിലായിരുന്നു ചുമതല. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള 25 ആരോഗ്യ പ്രവർത്തകർ വീതമാണ് രാവിലെ ഒൻപത് മുതൽ 11 വരെ മൂന്ന് കേന്ദ്രങ്ങളിലും വാക്‌സിൻ സ്വീകർത്താക്കളായി എത്തിയത്.
കൊല്ലം വിക്‌ടോറിയ ആശുപത്രിയിൽ ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ജെ. മണികണ്ഠൻ, ഡി.എസ്.ഒ ഡോ.ആർ.സന്ധ്യ, ആർ.സി.എച്ച് ഓഫീസർ ഡോ.വി. കൃഷ്ണവേണി, എൻ.എച്ച്.എം ഡി.പി.എം ഡോ. ഹരികുമാർ, ഹോം കെയർ നോഡൽ ഓഫീസർ ഡോ.കെ. ശോഭ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ജോൺസൺ മാത്യു, എം.സി.എച്ച് ഓഫീസർ വസന്തകുമാരി, ടെക്‌നിക്കൽ അസിസ്റ്റന്റ് എം.നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
''
വാക്‌സിനേഷന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് പരിമിതികളും വെല്ലുവിളികളും കണ്ടെത്തി പരിഹരിക്കുന്നതിനായി നടത്തിയ ഡ്രൈ റൺ വിജയകരമാണ്.
ഡോ.ആർ. ശ്രീലത
ജില്ലാ മെഡിക്കൽ ഓഫീസർ