കൊല്ലം: കൊല്ലം ബോട്ട് ജെട്ടിയിൽ ടൂറിസം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറയിൽ മോഷ്ടാക്കൾ കുടുങ്ങി. ബോട്ട് ജെട്ടി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റും ഹൗസ്ബോട്ടിൽ നിന്ന് ടി.വി അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചവരാണ് കഴിഞ്ഞ ദിവസങ്ങളിൽ കുടുങ്ങിയത്.
കൊല്ലം ബീച്ച്, ബോട്ട് ജെട്ടി, കൊട്ടാരക്കര മീൻപിടി പാറ, പുനലൂർ മലമേൽ പാറ എന്നീ ടൂറിസം കേന്ദ്രങ്ങളിൽ നാലുവീതം നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചത്. പതിനാറ് ലക്ഷം രൂപയായിരുന്നു ചെലവ്. നാലിടത്തെയും കാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ ഡി.ടി.പി.സിയുടെ കൊല്ലത്തെ ആസ്ഥാനത്തെ സെർവറിലാണ് സംഭരിക്കുന്നത്. രണ്ടാഴ്ചത്തെ ദൃശ്യങ്ങൾ വരെ സെർവറിൽ സൂക്ഷിക്കും. പൊലീസ് ആവശ്യപ്പെടുമ്പോൾ കൈമാറും.
മോഷണം പതിവ്; ഇനി രക്ഷയില്ല
ബോട്ട് ജെട്ടിക്ക് സമീപം വളരെക്കാലമായി മോഷണം പതിവാണ്. പക്ഷെ പ്രതികളെക്കുറിച്ച് ഒരു തുമ്പും ലഭിക്കുമായിരുന്നില്ല. ഇപ്പോൾ ബുള്ളറ്റും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷണം പോയപ്പോൾ ടൂറിസം വകുപ്പിന്റെ കാമറകൾ തുണയാവുകയായിരുന്നു. രാത്രികാലങ്ങളിൽ നിരീക്ഷണ കാമറകൾ പരിശോധിച്ച് ബീച്ചിലും ബോട്ട് ജെട്ടിയിലും തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് കൈമാറുന്നുണ്ട്.
കാമറകൾ ഇവിടങ്ങളിൽ
01. കൊല്ലം ബീച്ച്
02. ബോട്ട് ജെട്ടി
03. കൊട്ടാരക്കര മീൻപിടി പാറ
04. പുനലൂർ മലമേൽ പാറ