കൊല്ലം: ബാങ്കിൽ നിന്ന് സിബിനൊപ്പം പോകുമ്പോൾ തന്റെ ഇരട്ട സഹോദരൻ അരുൺ കൂടെയുണ്ടല്ലോ എന്ന സന്തോഷമായിരുന്നു അലീനയ്ക്ക്. അമ്മ വഴക്കുപറയുമെന്ന പേടിയുണ്ടെങ്കിലും പെട്ടെന്ന് തിരിച്ചുവരാമെന്ന് കരുതി. ഷൂട്ടിംഗിനായി കുണ്ടുമൺ ആറ്റുതീരത്ത് എത്തിയപ്പോഴേക്കും ആ യാത്ര രസകരമായി മാറി.
ഷൂട്ടിംഗ് തുടരവെ പെട്ടെന്നാണ് അരുണും കണ്ണനും കയത്തിൽപ്പെട്ടത്. അപകടം സംഭവിച്ചെന്ന് ബോദ്ധ്യപ്പെട്ടതോടെ അലീന വലിയവായിൽ നിലവിളിച്ചു. ആളുകൾ ഓടിയെത്തി കണ്ണനെ ജീവനോടെ കോരിയെടുത്തെങ്കിലും അരുണിനെ കണ്ടെത്താനായില്ല. അപ്പോഴേക്കും അലീനയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. പിന്നെ ആശുപത്രി കിടക്കയിൽ ബോധം തെളിഞ്ഞപ്പോഴാണ് കൂടപ്പിറപ്പ് എന്നെന്നേക്കുമായി വിട്ടുപോയെന്ന സത്യം അവളറിഞ്ഞത്. ജ്യേഷ്ഠൻ ആൽവിനോട് ഇഷ്ടമുണ്ടെങ്കിലും എന്തിനും ഏതിനും അവൾക്ക് കൂട്ട് അരുണായിരുന്നു.
നൊമ്പരങ്ങൾക്കിടെ പൊന്നുമോന്റെ വിയോഗം
കഷ്ടപ്പാടിന് നടുവിലും മൂന്ന് മക്കളെയും നല്ല നിലയിൽ വളർത്തണമെന്ന വാശിയിലായിരുന്നു വിജി. വീടിനടുത്ത സ്കൂളിലെ പ്യൂൺ ജോലിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. നാലുവർഷം മുൻപ് പിണങ്ങി മാറിനിൽക്കുന്ന ഭർത്താവിനോടുള്ള വാശിയുമുണ്ടായിരുന്നു. പക്ഷെ നൊന്തുപ്രസവിച്ച ഇരട്ടക്കുട്ടികളിൽ ഒരാൾ കൈവിട്ടുപോയതോടെ വിജി തകർന്നുപോയി.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് വിജി പട്ടത്താനം ക്രിസ്തുരാജ് സ്കൂളിന് സമീപത്തെ ബാങ്കിൽ പോയത്. മകൾ അലീനയുടെ ഒപ്പ് വേണമെന്ന് ബാങ്ക് അധികൃതർ നിർദ്ദേശിച്ചപ്പോഴാണ് സിബിനെ വിളിച്ച് മകളെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞത്. സിബിന്റെ ബൈക്കിൽ അലീന ബാങ്കിലെത്തി ഒപ്പിട്ടശേഷം തിരികെ അതേ ബൈക്കിൽ മടങ്ങിയത് ഷൂട്ടിംഗ് സ്ഥലത്തേക്കാണെന്ന് ആ അമ്മ അറിഞ്ഞിരുന്നില്ല.
ജ്യേഷ്ഠൻ ആൽവിനെ വിളിച്ച് ഫോട്ടോയെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും എങ്ങോട്ടാണെന്ന് അറിയിച്ചില്ല. സിബിന്റെ ബൈക്കിൽ അരുണും അലീനയും കുണ്ടുമൺ പാലത്തിനടുത്തെത്തി. അയൽവാസിയായ കണ്ണനോട് ബസിൽ വരാനാണ് നിർദ്ദേശിച്ചിരുന്നത്. നാലുപേരും ഒന്നിച്ച് ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് അപകടം നടന്നത്.
ഇടയ്ക്ക് ഷോർട്ട് ഫിലിം, ആൽബം എന്നിവയുടെ ഷൂട്ടിംഗ് കാണാനും അഭിനയിക്കാനുമൊക്കെ അരുൺ പോകാറുണ്ട്. വീട്ടിൽ വഴക്ക് പറയാറുണ്ടെങ്കിലും വിജി അവന്റെ നിർബന്ധത്തിന് വഴങ്ങാറാണ് പതിവ്. അമ്മയോടുപോലും ചോദിക്കാതെ പോയത് മരണത്തിലേക്കായിരുന്നുവെന്ന് ആരും നിനച്ചില്ല. കുട്ടിയുടെ മരണവാർത്തയറിഞ്ഞ പിതാവ് ഇന്ന് വീട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.