bus-stand
ചിന്നക്കട ക്ളോക്ക് ടവറിന് സമീപത്തെ ബസ് ബേ

കൊല്ലം: നഗരത്തിലെത്തുന്ന സ്റ്റേജ് കാരിയേജ് വാഹനങ്ങൾക്കായി ഒരു ബസ് സ്റ്റാൻഡ്. കൊല്ലം നഗരത്തിലെ കാര്യമാണ് പറയുന്നതെങ്കിൽ 'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്നാകും കേൾക്കുന്നവരുടെ മറുപടി. നഗരകേന്ദ്രമായ ചിന്നക്കട കേന്ദ്രീകരിച്ച് ബസുകൾക്കെല്ലാം കൂടി സ്റ്റാൻഡ് നിർമ്മിക്കുമെന്ന അധികൃതരുടെ വാഗ്ദാനങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.

എസ്.എം.പി തിയേറ്ററിന് മുന്നിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കുമെന്നായിരുന്നു ആദ്യത്തെ വാഗ്ദാനം. എന്നാൽ നടപടികൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. എഫ്.സി.ഐ ഗോഡൗണിന് സമീപത്തുള്ള ലോറി സ്റ്റാൻഡ് മാറ്റി അവിടെ ബസ് സ്റ്റാൻഡ് എന്നതായിരുന്നു നഗരസഭയുടെ പിന്നീടുള്ള ആശയം. അതും പ്രാവർത്തികമായില്ല.

സിറ്റി ബസ് സ്റ്റാൻഡ് വിപുലീകരിക്കുന്നതിനായി ആണ്ടാമുക്കത്ത് സ്ഥലം ഏറ്റെടുത്തെങ്കിലും ഒന്നും നടന്നില്ല. ലിങ്ക് റോഡിന് സമീപം, ആശ്രാമം മൈതാനത്തിന് സമീപം എന്നിവിടങ്ങളും ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ പരിഗണിച്ചെങ്കിലും വാഗ്ദാനത്തിലൊതുങ്ങുകയായിരുന്നു.

നഗരഹൃദയത്തിലൂടെ പലഭാഗങ്ങളിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളെല്ലാം എത്തിച്ചേരുന്ന ഹബ് എന്ന ആവശ്യം നഗരത്തിന്റെ ദീർഘകാല ആവശ്യമാണ്. കൊല്ലത്തെ മെട്രോ നഗരമാക്കി മാറ്റാൻ പദ്ധതികൾ വിഭാവനം ചെയ്യുന്ന അധികൃതർ പശ്ചാത്തല വികസനത്തിന് ആക്കം കൂട്ടുന്ന ഇത്തരം പദ്ധതികളെ വിസ്മരിക്കുന്നത് പ്രതിഷേധാർഹമാണെന്നാണ് ജനാഭിപ്രായം.

 സങ്കല്പത്തിലെ സ്റ്റാൻഡുകൾ

ആണ്ടാമുക്കത്താണ് നിലവിൽ സിറ്റി ബസ് സ്റ്റാൻഡുള്ളത്. യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഇവിടേക്ക് ദീർഘദൂര സർവീസുകളിൽ ചിലത് എത്തുമെന്നല്ലാതെ മറ്റൊരുതരത്തിലും യാത്രക്കാർക്ക് ഗുണമില്ല.

കണ്ണനല്ലൂർ, കൊട്ടിയം, ഇരവിപുരം ഭാഗത്തേക്കുള്ള ബസുകൾക്കായി ക്ളോക്ക് ടവറിന് സമീപവും അഞ്ചാലുംമൂട്, ചവറ, തങ്കശേരി ഭാഗത്തേക്ക് ചിന്നക്കട പോസ്റ്റോഫീസിന് സമീപവും ഇളമ്പള്ളൂർ, ആശ്രാമം, കൊട്ടാരക്കര ഭാഗത്തേക്ക് എക്സൈസ് ഓഫീസിന് മുൻവശത്തും ബസ് ബേകൾ ഉണ്ടെന്നുള്ളതാണ് നഗരത്തിലെ ബസ് സ്റ്റാൻഡ് സങ്കല്പം. ഇതിൽ ക്ളോക്ക് ടവറിന് സമീപത്തെ ബസ് ബേയിൽ കെ.എസ്.ആർ.ടി.സി ബസുകളെത്താറില്ല. ഇവയിലേതെങ്കിലും സ്ഥലത്ത് ബസിറങ്ങി മറ്റൊരിടത്തേക്ക് യാത്ര ചെയ്യണമെങ്കിൽ യാത്രക്കാർ അതത് ബസ് ബേകളിലേക്ക് നടന്നെത്തണം.