kollam

കൊല്ലം: ഗാന്ധിജി ഈശ്വരന്മാർക്കൊപ്പം കണ്ട ഏക ഗുരുവാണ് ശ്രീനാരായണഗുരു. ഗാന്ധിജിയും ഗുരുവും ചേർന്ന മൂല്യങ്ങളുടെ സ്വാദാണ് നമ്മുടെ പൈതൃകം. 'വിദ്യകൊണ്ട് പ്രബുദ്ധരാവാൻ' ഉദ്‌ഘോഷിച്ച മഹാമുനിയുടെ മന്ത്രങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുവയ്ക്കാനാണ് കൊല്ലത്ത് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പ്രഖ്യാപിച്ചത്.

എന്നാൽ സർവകലാശാല ലോഗോയിൽ ഗുരുവിനെ ആരും കണ്ടില്ല. ഗുരുവിന്റെ രേഖാചിത്രമെങ്കിലും ജനം പ്രതീക്ഷിച്ചിരുന്നു. പ്രതിഷേധം ജ്വലിക്കുമ്പോൾ നാട്ടുകാരോടും സംഘടനകളോടും സർവകലാശാലാ അധികൃതർ പറയുന്നത് കേൾക്കുമ്പോൾ പണ്ട് ഒരു രാജാവിനെ പറ്റിച്ച തന്ത്രശാലിയായ കള്ളന്റെ കഥയാണ് ഓർമ്മവരുന്നത്.

രാജാവിനെയും നാട്ടുകാരെയും ഒറ്റയടിക്ക് പെരുങ്കള്ളൻ പറ്റിച്ചു. താൻ വലിയ ചിത്രകാരനാണെന്നും അഞ്ചായിരം പൊൻപണം നൽകിയാൽ രാജാവ് മരിച്ചാലും പ്രജകൾക്ക് എന്നും കാണാൻ പാകത്തിൽ വലിയൊരു ചിത്രം വരച്ച് നൽകാമെന്ന് കള്ളൻ തട്ടിവിട്ടു. പ്രശസ്തി ഇഷ്ടമുള്ള രാജാവ് പതിനായിരം പൊൻപണം പ്രഖ്യാപിച്ചു. വലിയ കാമാനവും കാൻവാസും സ്ഥാപിച്ചു. ആദ്യം തന്നെ പകുതി പൊൻപണം കൊടുത്തു. കള്ളൻ തിന്നും കുടിച്ചും കൊഴുത്തതല്ലാതെ രാജാവിന്റെ ചിത്രം ആരും കണ്ടില്ല. സമയം നീട്ടിനൽകിയെങ്കിലും ചിത്രം വരച്ചില്ല. നാട്ടുകാരിളകി ശില്പിയെ കൊല്ലുമെന്നായപ്പോൾ മന്ത്രിയെ കാണാൻ കള്ളനെത്തി. ആ രഹസ്യം കള്ളൻ പുറത്തുവിട്ടു. ഞാൻ വരച്ച ചിത്രം അത്യപൂർവമാണ്. പക്ഷേ ശരീരത്തിൽ ശുദ്ധരക്തമുള്ളവർക്കേ അത് ദർശിക്കാൻ സാധിക്കൂ, മന്ത്രി ഉടൻ പറഞ്ഞു, മഹാരാജാവിന്റെ ചിത്രം കെങ്കേമം.

രാജാവ് ചിന്തിച്ചു, ചിത്രം കാണുന്നില്ലെന്ന് പറഞ്ഞാൽ എന്റെ രക്തവും അശുദ്ധമെന്ന് നാടറിയും, അതു വേണ്ട. രാജാവും പറഞ്ഞു, ഇത്ര സുന്ദരമായൊരു ചിത്രം ഞാൻ കണ്ടിട്ടേയില്ല. രാജാവിനെ പേടിച്ച് പിന്നെ ജനവും പറഞ്ഞു എത്ര മനോഹരമായ ചിത്രം...
ഓപ്പൺ സർവകലാശാലാ അധികൃതർ പറയുന്നത് കള്ളൻ പറയുന്നതുപോലെയെന്ന് ആർക്കെങ്കിലും തോന്നിയാൽ അത് സ്വാഭാവികം മാത്രം. ത്രിമാന ചിത്രത്തിൽ മഞ്ഞയുണ്ട് വെള്ളയുണ്ട് പിന്നെ പച്ചയും കുങ്കുമവും ഉണ്ട്. ഇതിൽ നിറയെ ഗുരുവുമുണ്ട്. ഗുരുവിന്റെ സന്ദേശമുണ്ട്. ത്രിമാനത്തിലുള്ളത് നിങ്ങൾക്കൊന്നും കാണാൻ കഴിയാത്ത സങ്കല്പങ്ങളാണ്. സങ്കല്പത്തിൽ താമര വിരിയും പിന്നെ മൊട്ടും പൂവും കായയും വരും... ഇതൊക്കെ കേട്ടപ്പോൾ നാട്ടുകാർ ചോദിക്കുന്നുണ്ട്, ഗുരുവിനെ നേരിട്ട് കാണിച്ചാലെന്താ?

ഗുരുവിന്റെ പേരിലുള്ളതാണ് സർവകലാശാല. അദ്ദേഹത്തിന്റെ രൂപം ഒരു രേഖാചിത്രമായി കാട്ടിയാൽ മതി. എല്ലാ വിമർശനങ്ങളും അവിടെ തീരും. അഭ്യാസി വീണാലും അഭ്യാസമെന്ന് പറയും. അഭ്യാസിയെപ്പോലെയാവുന്നതെന്തിന്. സർവകലാശാലയ്ക്ക് തെറ്റുപറ്റിയെങ്കിൽ തിരുത്തണം. അല്ലാതെ ത്രിമാനവും മറ്റും പറഞ്ഞ് പറ്റിക്കരുത്. ഗുരുവിന്റെ ഒരു നിഴൽ രൂപമെങ്കിലും ലോഗോയിൽ വരാതിരിക്കാൻ ആരാണ് ശ്രമിക്കുന്നത്. ലോഗോ കണ്ടാൽ അത് ശ്രീനാരായണ ഗുരു സർവകലാശാലയെന്ന് തിരിച്ചറിയണമെങ്കിൽ അതിൽ ഗുരു ഉണ്ടാവുക തന്നെ വേണം. ഗുരുവില്ലാത്ത ലോഗോ അപൂർണമെന്ന് ജനത്തിന് തോന്നിയെങ്കിൽ തെറ്റുപറയാനാകുമോ? ഗുരുവിന്റെ ഉണ്മയിൽ തന്ത്രങ്ങളൊന്നും വിലപ്പോവില്ലെന്ന് ഈ നാടിന് നന്നായറിയാം.