കൊല്ലം: ജനങ്ങളെ ബോധവത്കരിക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും ജില്ലാ ആശുപത്രിയിലെ ചുവരുകളിലൊരുങ്ങി. മാലിന്യം വലിച്ചെറിയുന്നത് മുതൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ വരെ വരകളിൽ ഇടംപിടിച്ചിട്ടുണ്ട്. പെൺഭ്രൂണഹത്യയും പെൺകുഞ്ഞിന്റെ ജനനവും ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സയുമെല്ലാം ചുവരുകളിൽ അറിവ് പകരുന്നു.
ദേശീയ ആരോഗ്യമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മതിലുകളിലും ചുവരുകളിലും ചിത്രങ്ങളൊരുക്കിയത്.
സമരം, ധർണ, സിനിമാ പോസ്റ്ററുകൾ കൊണ്ട് വൃത്തികേടായി കിടന്ന ചുറ്റുമതിലിൽ വർണചിത്രങ്ങൾ തെളിഞ്ഞതോടെ കാഴ്ചക്കാർക്കും സന്തോഷം. ജില്ലാ ആശുപത്രിയുടെ ചുറ്റുമതിലിന്റെ മുൻവശം, ആശുപത്രിക്കുള്ളിലെ കാത്തിരുപ്പ് മേഖല, അത്യാഹിതവിഭാഗം, ഒ.പി വിഭാഗം എന്നിവിടങ്ങളിലെ ചുവരുകളിലാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഏകദേശം മൂവായിരം ചതുരശ്രയടി വിസ്തീർണത്തിൽ ഒരാഴ്ചയിലധികം സമയമെടുത്താണ് ചിത്രങ്ങൾ വരച്ചത്. കടവൂർ സ്വദേശിയായ അഭിലാഷ് ചിത്രമൂലയുടെ നേതൃത്വത്തിൽ അനിൽ മ്യൂറൽ, അനിൽ മുഖത്തല എന്നിവരാണ് ചിത്രങ്ങൾ വരച്ചത്.
''
ആശുപത്രിയിലെത്തുന്നവരുടെ കാഴ്ചയെത്തുന്ന മറ്റിടങ്ങളിലും ഇത്തരത്തിൽ ചിത്രങ്ങൾ വരയ്ക്കും.
വസന്തദാസ്
ആശുപത്രി സൂപ്രണ്ട്