poetry

കവിത വായിച്ച് രോഗം മാറ്റാൻ പറ്റുമോ എന്ന് പലരും ചിന്തിച്ചേക്കാം. ശാരീരികമായ അസ്വസ്ഥതകൾക്ക് പരിഹാരമാകില്ലെങ്കിലും മാനസികമായ രോഗാവസ്ഥകളെ ഭേദപ്പെടുത്താൻ കവിതകൾക്ക് സാധിക്കുമെന്നതിൽ സംശയമില്ല. മരുന്നുകൾ പോലെ കവിതകൾ രോഗികൾക്ക് നൽകുന്ന പോയട്രി ഫാർമസിയുണ്ട്.

ലോകത്തിലെ തന്നെ ആദ്യത്തെ കവിതാ ഫാർമസി സ്ഥാപിക്കപ്പെട്ടത് ഇംഗ്ലണ്ടിലെ ഷ്രോപ്പ്ഷയറിലാണ്. കവിയായ ഡെബോറ അൽമയാണ് ഈ ഫാർമസിക്ക് പിന്നിൽ. രോഗികൾക്ക് വൈകാരികമായ സൗഖ്യം നൽകുക എന്നതാണ് കവിതാ ഫാർമസിയുടെ ലക്ഷ്യം. ആദ്യകാലത്ത് ഈ കവിതാ ഫാർമസി ഒരു കവിതാ ആംബുലൻസ് ആയിരുന്നു. അതായത് അത്യാവശ്യഘട്ടങ്ങളിൽ പലരുടെയും അടുത്ത് കവിതയുമായി ചെല്ലും. അവർക്ക് കവിത വായിക്കാൻ നൽകുകയും ചെയ്യും. പിന്നീടാണ് കവിതാ ഫാർമസിയായി മാറിയത്.

മാനസിക അസ്വസ്ഥകൾ പരിഹരിക്കാനാണ് ഫാർമസിയിലെ കവിതകൾ ഉപയോഗപ്പെടുത്തുന്നത്. കവിതകളടങ്ങുന്ന സാഹിത്യകൃതികൾ മാനസികമായ ആരോഗ്യത്തെ വീണ്ടെടുക്കാൻ സഹായിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ പലരും കവിതകൾ അന്വേഷിച്ച് കവിതാ ഫാർമസിയിൽ എത്താറുമുണ്ട്. മടി, അലസത, അപകർഷതാബോധം തുടങ്ങിയ അസ്വസ്ഥതകൾ പരിഹരിക്കാനാവശ്യമായ കവിതകളാണ് ഫാർമസിയിൽ ഏറെയും. മികച്ച അഭിപ്രായങ്ങളാണ് കവിതാ ഫാർമസിക്ക് ലഭിക്കന്നുത്. മരുന്ന് കുപ്പികൾക്ക് സമാനമായ ചെറിയ കുപ്പികളിൽ അടച്ചുവച്ചിരിക്കുന്ന കവിതാ വരികളെ ഫാർമസിയിൽ കാണാം. ആവശ്യക്കാർക്ക് കവിതകൾ നൽകുന്നതിന് പുറമെ കവിതയുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ചെറിയ സംവാദങ്ങൾക്കും പുസ്തകപ്രകാശനങ്ങൾക്കുമൊക്കെ കവിതാ ഫാർമസിയിൽ സൗകര്യങ്ങളുണ്ട്.