50 ദിവസത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശം
കൊല്ലം: നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി കല്ലുപാലം ഉടൻ പൂർത്തിയാക്കും. എം. മുകേഷ് എം.എൽ.എ റസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി ഇരുപത്തിനാല് മണിക്കൂറും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നും അൻപത് ദിവസത്തിനകം പണി പൂർത്തിയാക്കണമെന്നും കരാറുകാരനോട് നിർദ്ദേശിച്ചു. പണി അടിയന്തരമായി പൂർത്തീകരിക്കുമെന്ന് മുൻപ് വിളിച്ചുചേർത്ത നാല് യോഗങ്ങളിൽ ഉറപ്പുനൽകിയെങ്കിലും കരാറുകാരൻ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്നും യോഗം വിലയിരുത്തി.
കല്ലുപാലം നിർമ്മാണം ഒരുവർഷമായി ഇഴഞ്ഞുനീങ്ങുകയാണ്. പാലത്തിന്റെ പതിനാറ് പില്ലറുകളിൽ ഏഴെണ്ണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. ബാക്കിയുള്ളവ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കരാറുകാരന് നിർദ്ദേശം നൽകി. പണി പൂർത്തിയാകുന്നത് വരെ മേൽനോട്ടത്തിന് അസി. എക്സി. എൻജിനീയർ ജോയി ജനാർദ്ദനനെ ചുമതലപ്പെടുത്തി. എല്ലാ ശനിയാഴ്ചയും പണിയുടെ പുരോഗതി വിലയിരുത്തി എം.എൽ.എയ്ക്കും മേയർക്കും റിപ്പോർട്ട് നൽകണമെന്നും യോഗം നിർദ്ദേശിച്ചു.
എം. മുകേഷ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, ഉൾനാടൻ ജലഗതാഗത വകുപ്പ് എക്സി. എൻജിനീയർ സാം ആന്റണി, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജോയി ജനാർദ്ദനൻ, അസി. എൻജിനീയർ ശ്രീകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.