കരുനാഗപ്പള്ളി: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും നീണ്ടകര കാൻസർ കെയർ സെന്ററിൽ കുടിവെള്ളം കിട്ടാതെ ഡോക്ടർമാരും ജീവനക്കാരും രോഗികളും വലയുന്നു. കാെല്ലം ജില്ലയിലെ കാൻസർ രോഗികൾക്കുള്ള ഏക കെയർ സെന്ററാണ് നീണ്ടകര ഫൗണ്ടേഷൻ ആശുപത്രി കോംമ്പൗണ്ടിൽ പ്രവർത്തിക്കുന്നത്. വെള്ളം നൽകുന്നതിനായി വാട്ടർ അതോറിട്ടി കാൻസർ സെന്റർ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് പൈപ്പ് ലൈൻ വലിച്ച് മീറ്റർ സ്ഥാപിച്ച് കഴിഞ്ഞിട്ട് ദിവസങ്ങളായി എന്നിട്ടും കാൻസർ സെന്ററിലെ പൈപ്പ് ലൈൻ മെയിൻ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കന്നതിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന അനാസ്ഥയാണ് വെള്ളം കിട്ടാൻ തടസമാകുന്നതെന്ന് രോഗികൾ പരാതിപ്പെടുന്നു.
കീമോതെറാപ്പിയ്ക്ക് തടസം
തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആർ.സി.സി യിലും പോകാൻ കഴിയാത്ത നിരവധി രോഗികളാണ് ദിനംപ്രതി ചികിത്സ തേടി ഇവിടെ എത്തുന്നത്.കീമോ തെറാപ്പി ഉൾപ്പടെയുള്ള ചികിത്സ ഇവിടെ ലഭിക്കും. പക്ഷേ വെള്ളം ലഭ്യമാകാത്ത സാഹചര്യത്തിൽ കീമോ നൽകാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കീമോ നൽകി കഴിഞ്ഞിൽ മൂന്ന് മണിക്കൂറോളം രോഗികൾ സെന്ററിൽ കിടക്കേണ്ടി വരും. വിശക്കുന്ന രോഗികൾക്ക് ഈ സമയം ഇവിടെ നിന്ന് കഞ്ഞി നൽകാറുണ്ട്. കുടിവെള്ളം ലഭിക്കാത്തതിനാൽ നിലവിൽ രോഗികൾക്ക് കഞ്ഞി പാകം ചെയ്തു നൽകാൻ കഴിയുന്നില്ല. ഇതാണ് രോഗികളെ വലയ്ക്കുന്നത്.
വെള്ളം ഇല്ലാത്തതിനാൽ
ടോയ്ലെറ്റുകൾ ഉപയോഗിക്കാനാവില്ല
ഡോക്ടർ ഉൾപ്പടെ 12 ജീവനക്കാരാണ് കാൻസർ കെയർ സെന്ററിൽ ജോലി ചെയ്യുന്നത്. ഇതിൽ ഡോക്ടർ ഉൾപ്പെടെ 9 വനിതാ ജീവനക്കാരുണ്ട്. പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ജീവനക്കാർക്കും രോഗികൾക്കും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. എന്നാൽ വെള്ളം ഇല്ലാത്തതിനാൽ ടോയ്ലെറ്റുകൾ ഉപയോഗിക്കാൻ കഴിയുന്നില്ല. ഇതുകൊണ്ട് ഏറ്റവും ബുദ്ധിമുട്ടുന്നത് വനിതാ ജീവനക്കാരാണ്.
3000 ത്തോളം രോഗികൾക്ക് ആശ്രയം
ഈ മാസം അവസാനത്തോടെ റേഡിയേഷൻ ഓംങ്കോളജി ഒ.പി കൂടി ആരംഭിക്കുമെന്നാണ് അറിയുന്നത്. കൊല്ലം ജില്ലയിലെ 3000 ത്തോളം രോഗികൾക്ക് കാൻസർ കെയർ സെന്ററിന്റെ സേവനങ്ങൾ ലഭിക്കുന്നുണ്ട്. പെൻഷനും മറ്ര് സേവന പ്രവർത്തനങ്ങളും ഇതിൽപെടും. ചവറ നിയോജക മണ്ഡലത്തിലെ എം.എൽ.എ ആയിരുന്ന എൻ.വിജയൻപിള്ളയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.75 കോടി രൂപാ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. രോഗികളെ പരിശോധിക്കുന്നതിനുള്ള മുറി, രോഗികൾക്ക് കീമോ നൽകുന്നതിന് 20 കിടക്കകളോട് കൂടിയ ഹാൾ, വിശാലമായ ഫാർമസി, ലാബ്, രോഗികൾക്കും കൂട്ടിരുപ്പുകൾക്കും ഇരിക്കുന്നതിനുള്ള ഹാൾ, ടോയ്ലെറ്റുകൾ തുടങ്ങി എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് സെന്ററിന്റെ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ കുടിവെള്ളം നൽകുന്നതിനുള്ള അടിയന്തര നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് രോഗികൾ ആവശ്യപ്പെടുന്നു.
നാഷണൽ ഹൈവേ ഉപരോധം സംഘടിപ്പിക്കും
കാൻസർ സെന്ററിലേക്കുള്ള പൈപ്പ് കണക്ഷൻ ഉടനെ നൽകിയില്ലെങ്കിൽ കാൻസർ രോഗികളുടെ ബന്ധുക്കളെ സംഘടിപ്പിച്ച് നാഷണൽ ഹൈവേ ഉപരോധം സംഘടിപ്പിക്കുമെന്ന് രോഗിയായ ഏണസ്റ്റ് പറഞ്ഞു.സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന ബാഹ്യ ശക്തികൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്നും രോഗികൾ ആവശ്യപ്പെടുന്നു.