പുനലൂർ: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ ഗുരുദേവന്റെ ചിത്രമോ ഗുരുദേവ സൂക്തങ്ങളോ ഉൾപ്പെടുത്താതെ സമുദായത്തോടും മറ്റ് പിന്നാക്ക ജനവിഭാഗങ്ങളോടും സർക്കാർ കാണിക്കുന്ന ധാർഷ്ട്യത്തിനെതിരെ എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു.
അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ യൂണിയനിലെ 67 ശാഖകളിലെയും കുടുംബങ്ങളെ അണിനിരത്തി സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ കൗൺസിൽ തീരുമാനിച്ചു. മറ്റ് സർവകലാശാലകളുടെ ലോഗോയിൽ അതാത് ഗുരുക്കന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ലോഗോ കാണുമ്പോൾ ഏത് സർവകലാശാലയാണെന്ന് ഇതിലൂടെ മനസിലാക്കാം. എന്നാൽ ഗുരുവിന്റെ പേരിലുള്ള ഓപ്പൺ സർവകലാശാലയിലെ ലോഗോയിൽ രേഖാചിത്രം പോലും ഉൾപ്പെടുത്താതിരുന്നത് ഗുരുവിനോടുള്ള അവഹേളനമാണ്.
യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ അദ്ധ്യക്ഷനായി. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.കെ. പ്രദീപ്, സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ് കുമാർ, ജി. ബൈജു, കൗൺസിലർമാരായ കെ.വി. സുഭാഷ് ബാബു, അടുക്കളമൂല ശശിധരൻ, സന്തോഷ്.ജി.നാഥ്, എൻ.സുന്ദരേശൻ, എസ്.എബി.ഡി. ബിനിൽകുമാർ, എസ്. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.